| Monday, 16th June 2025, 2:42 pm

രാജ്ഭവനില്‍ ഗോള്‍വാള്‍ക്കറിന്റെ ചിത്രം; പ്രതിഷേധവുമായി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് മാധവ് സദാശിവറാവു ഗോള്‍വാള്‍ക്കറിന്റെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. രാജ്ഭവനില്‍ പ്രതിഷേധവുമായെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും റിപ്പോര്‍ട്ടുണ്ട്.

രാജ്ഭവനില്‍ സ്ഥാപിച്ചിരിക്കുന്ന ഗോള്‍വാള്‍ക്കറിന്റെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധമാരംഭിച്ചത്. അതേസമയം പരിസ്ഥിതി ദിനപരിപാടി സംബന്ധിച്ചുണ്ടായ ഭാരതാംബ വിവാദത്തില്‍ നിന്നും ഗവര്‍ണര്‍ പിന്മാറിയതിന് പിന്നാലെയാണ് ഗോള്‍വാള്‍ക്കറിന്റെ ചിത്രവുമായി ബന്ധപ്പെട്ട പ്രതിഷേധമുയരുന്നത്.

ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ നിന്നും നടത്തുന്നത് സംബന്ധിച്ചായിരുന്നു വിവാദം ഉടലെടുത്തത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി.ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്. ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ കാവി പുതച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു.

Content Highlight: Golwalkar’s portrait in Raj Bhavan; SFI protests

We use cookies to give you the best possible experience. Learn more