| Wednesday, 7th October 2026, 11:06 pm

ദി ഓറഞ്ച് പ്ലേഗ്: യൂറോപ്യന്‍ പാര്‍ലമെന്റില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ ട്രംപിന്റെ നഗ്നപ്രതിമ പ്രദര്‍ശിപ്പിച്ചു

ദേവിക ജയചന്ദ്രന്‍

സ്ട്രാസ്‌ബെര്‍ഗ്: യൂറോപ്യന്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഓറഞ്ച് പ്ലേഗ് എന്ന് പേരിട്ട് ഡൊണാള്‍ഡ് ട്രംപിന്റെ നഗ്നപ്രതിമ അനാവരണം ചെയ്തു. 8.5 അടി ഉയരമുള്ള പ്രതിമയില്‍ നഗ്നനായ ട്രംപിനെ തോളിലേറ്റി നില്‍ക്കുന്ന ഒരു മനുഷ്യനെയാണ് കാണിച്ചിരിക്കുന്നത്.

യു.എസ് പ്രസിഡന്റിന്റെ ഒരു കയ്യില്‍ നീതിയുടെ തുലാസും മറ്റേ കയ്യില്‍ ഒരു ഗോള്‍ഫ് ക്ലബ്ബും കാണാം. താഴെയുള്ള ചെറിയ ഗോള്‍ഫ് പന്ത് ഭൂഗോളവുമാണ്.

ഫ്രാന്‍സിലെ സ്ട്രാസ്‌ബെര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ രണ്ട് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ പ്രതിമ അവിടെ പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

‘ഞാനൊരു മനുഷ്യന്റെ മുതുകിലാണ് ഇരിക്കുന്നത്. എന്റെ ഭാരം കൊണ്ട് അവന്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവനെ സഹായിക്കാന്‍ ഞാനെന്തും ചെയ്യും. അവന്റെ മുതുകത്തുനിന്നിറങ്ങുന്നതൊഴികെ’, പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിലെ കുറിപ്പില്‍ പറയുന്നു.

23 കാരറ്റ് സ്വര്‍ണപ്പാളി പൊതിഞ്ഞാണ് പ്രതിമ ഒരുക്കിയിരിക്കുന്നതെന്ന ശില്പം ഒരുക്കിയ ഡാനിഷ് കലാകാരനായ യെന്‍സ് ഗാല്‍ഷിയോട്ട് പറഞ്ഞു. പൊങ്ങച്ചത്തില്‍ കഴിയുന്ന ഒരു ഭരണാധികാരി താന്‍ ഏറ്റവും മികച്ച വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് വിശ്വസിച്ച് തെരുവിലൂടെ നഗ്നനായി നടക്കുന്നതിന്റെ കഥയായ ‘ദി എംപറേഴ്‌സ് ന്യൂ ക്ലോത്ത്‌സ്’ ആണ് ശില്പത്തിന് പിന്നിലെ പ്രചോദനമെന്ന് ഗാല്‍ഷിയോട്ട് പറഞ്ഞു.

‘നിയമാധിഷ്ഠിതമായ ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ക്കും നേരിടുന്ന ഭീഷണികളിലൊന്നാണ്’, ഗാല്‍ഷിയോട്ട് പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റിലെ ഇടത് അംഗം പെര്‍ ക്ലോസന്‍ ആണ് ശില്പം യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കാന്‍ കലാകാരനെ ക്ഷണിച്ചത്. ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന പ്രതികരണത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് ക്ലോസന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന 30ാമത് ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനവേദിയിലും ഈ പ്രതിമ പ്രദര്‍ശിപ്പിച്ചിരുന്നു.

ഓറഞ്ച് പ്ലേഗ് കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രതിഷേധത്തിന്റെ പ്രതീകമായി പ്രതിമയുടെ മിനിയേച്ചര്‍ രൂപങ്ങള്‍ നല്‍കുന്നുണ്ട്.

Content Highlight: Golden naked Trump statue unveiled at European Parliament

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more