| Friday, 14th November 2025, 8:26 am

9.50 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച കേസ്; റിപ്പര്‍ ചന്ദ്രന്റെ കൂട്ടാളി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: കര്‍ണാടകയില്‍ റിപ്പര്‍ ചന്ദ്രന്റെ കൂട്ടാളി മോഷണക്കേസില്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി താലൂക്കില്‍ നടന്ന മോഷണക്കേസില്‍ ഇട്ടെ ബാര്‍പെ അബുബക്കര്‍ (71) ആണ് പിടിയിലായത്. വേണൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയ കാസര്‍ഗോഡ് സ്വദേശിയായ റിപ്പര്‍ ചന്ദ്രന്റെ സംഘത്തിലുള്‍പ്പെട്ടയാളാണ് ഇട്ടെ ബാര്‍പെ.

മഞ്ജുശ്രീ നഗറിലെ അവിനാഷ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. 9.50 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അവിനാഷിന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. താലിമാല, മുത്തുമാല, 149 ഗ്രാം സ്വര്‍ണ മാലകള്‍ ഉള്‍പ്പെടെ മോഷണം പോയിരുന്നു.

ഒക്ടോബര്‍ രണ്ടിന് വീട് പൂട്ടി പുറത്തുപോയ അവിനാഷ് ആറിന് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന്റെ പൂട്ട് തകര്‍ത്താണ് വീടിന് അകത്തുകടന്നതെന്നും മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.

പ്രതിയെ ബെല്‍ത്തങ്ങാടി കോടതി ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബെല്‍ത്തങ്ങാടി ഇന്‍സ്‌പെക്ടര്‍ സുബ്ബപൂര്‍മത്തിന്റെയും വേണൂര്‍ പൊലീസിന്റെയും നേതൃത്വത്തിലത്തിലായിരുന്നു അന്വേഷണം.

ഇട്ടെ ബാര്‍പെയുടെ പേരില്‍ സമാനമായി ഒന്നിലധികം കേസുകളുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു എന്നീ ജില്ലകളിലെയും കേരളത്തിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 50ലധികം മോഷണക്കേസുകളില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

2025 ജൂണ്‍ 27ന് ഷിര്‍വ പൊലീസ് പരിധിയിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി 7.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇട്ടെ ബാര്‍പെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

1980കളില്‍ ചിക്കമംഗളൂരുവില്‍ ഓട്ടോ ഡ്രൈവറായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഈ സമയം ഓട്ടോയുടെ പിന്നില്‍ ‘ഇട്ടെ ബാര്‍പെ’ എന്ന പ്രശസ്ത യക്ഷഗാന നാടകത്തിന്റെ പേര് എഴുതിയിരുന്നു. തുടര്‍ന്നാണ് പ്രതി ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

Content Highlight: Gold theft case worth Rs 9.50 lakh; Ripper Chandran’s accomplice arrested

We use cookies to give you the best possible experience. Learn more