| Monday, 7th July 2014, 10:00 am

കള്ളക്കടത്ത് സ്വര്‍ണം മറിച്ചു വിറ്റ യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാസര്‍കോട്: അനധികൃതമായി കടത്തിക്കൊണ്ടു വന്ന സ്വര്‍ണം ലക്ഷ്യസ്ഥാനത്തെത്തിക്കാതെ മറിച്ചു വിറ്റതിന് കാരിയര്‍മാരായ രണ്ടു യുവാക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവവത്തില്‍ കാസര്‍കോട്ടെ മുന്‍ ഗവണ്‍മെന്റ് പഌഡറുടെ മകന്‍ ഉള്‍പ്പടെ മൂന്നുപേരെ മംഗലാപുരം സിറ്റി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റു ചെയ്തു.  കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരെയാണ്് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് പോലീസിന്റെ സഹായത്തോടെ പിടികൂടിയ ഇവരെ ചോദ്യം ചെയ്തു വരുന്നു.

സെയ്താര്‍ പള്ളി അമൂസില്‍ നഫീര്‍ അഹ്മദ് ജാന്‍ (24), കോഴിക്കോട് കുറ്റിച്ചിറയിലെ ഫാഹിം (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് കുണ്ടംകുഴിക്കടുത്ത ബാലനടുക്കത്തെ രഹസ്യ കേന്ദ്രത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായും സൂചന ലഭിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പ് ദുബായില്‍ നിന്ന് മംഗലാപുരം വിമാനത്താവളം വഴി കടത്തിക്കൊണ്ടു വന്ന മൂന്നു കിലോ സ്വര്‍ണമാണ് മുന്‍കൂട്ടി നിര്‍ദേശിച്ച സ്ഥലത്തെത്തിക്കാതെ കാരിയര്‍മാരായ യുവാക്കള്‍ മറിച്ച് വിറ്റത്. നഫീറിനെയും ഫാഹിമിനെയും കാണാതായതിനെ തുടര്‍ന്ന് ഇവരെ പിടി കൂടാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു.

തന്ത്ര പരമായ നീക്കങ്ങളിലൂടെയാണ് യുവാക്കളെ കണ്ടെത്തി വധിച്ചതെന്നാണു സൂചന. കടത്തിക്കൊണ്ടു വന്ന സ്വര്‍ണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചെറുകിട ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയതായാണു വിവരം. കാസര്‍കോഡു എം.ജി റോഡിലെ ഒരു സ്വര്‍ണക്കടയില്‍ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

എട്ടു മാസം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവാക്കളെ കുറിച്ച് വീട്ടുകാര്‍ക്ക് പിന്നീട് കാര്യമായ വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നസീര്‍ പലതവണ കേരളത്തില്‍ വന്ന് തിരികെ പോയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.

We use cookies to give you the best possible experience. Learn more