| Wednesday, 19th August 2026, 8:10 am

റൊണാള്‍ഡോയുടെ നാട്ടുകാരനെ റാഞ്ചി; മലബാറിയന്‍സ് ഇനി ഡബിള്‍ സ്‌ട്രോങ്ങ്

സുദേവ് എ

ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി വമ്പന്‍ നീക്കം നടത്തി ഗോകുലം കേരള എഫ്.സി. പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ജോവോ റോഡ്രിഗസിനെ സ്വന്തമാക്കിയിരിക്കുകയാണ് മലബാറിയന്‍സ്.

ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാട്ടുകാരനായ റോഡ്രിഗസിനെ മധ്യനിരയിലെ നിര്‍ണായകമായ താരമാക്കാനുള്ള ഒരുക്കത്തിലാണ് ഗോകുലം കേരള.

കമ്പോഡിയന്‍ ക്ലബ്ബായ ഐ.എസ്.എല്‍ ഡാങ്ക്‌കോര്‍ സെന്‍ച്ചെയ് എഫ്.സിയില്‍ നിന്നുമാണ് താരം മലബാറിയന്‍സിന്റെ തട്ടകത്തിലെത്തുന്നത്. പോര്‍ച്ചുഗലിലെ പ്രധാനപ്പെട്ട യൂത്ത് അക്കാദമങ്ങളിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച റോഡ്രിഗസിന് യൂറോപ്പിലും ഏഷ്യയിലുമായി ഒരുപാട് ക്ലബ്ബുകളില്‍ കളിച്ച അനുഭവ സമ്പത്തുണ്ട്.

എസ്.എല്‍ ബെനിഫിക്ക, ജി.ഡി പ്രായിയ, സ്‌പോര്‍ട്ടിങ് സി.പി എന്നീ യൂത്ത് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചായിരുന്നു പോര്‍ച്ചുഗീസ് താരം തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്. സീനിയര്‍ ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ മികച്ച ടീമുകള്‍ക്ക് വേണ്ടിയും താരം പന്തുതട്ടി.

ഈ അനുഭവസമ്പത്ത് ഗോകുലം കേരളയുടെ മധ്യനിരയിലും റോഡ്രിഗസിനെ നിറസാന്നിധ്യമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഗോകുലം കേരളയുടെ ഭാഗമായതിന്റെ സന്തോഷവും റോഡ്രിഗസ് വ്യക്തമാക്കി. ഇന്ത്യയില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നാണ് താരം പറഞ്ഞത്. ഗോകുലം കേരളക്ക് ആരാധകര്‍ നല്‍കുന്ന വലിയ സപ്പോര്‍ട്ടിനെക്കുറിച്ചും താരം സംസാരിച്ചു.

‘ഗോകുലം കേരള എഫ്.സിയില്‍ ചേര്‍ന്ന് ഇന്ത്യയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ് ക്ലബ്ബിന് ശക്തമായ ഒരു ആരാധക കൂട്ടം ഉണ്ടെന്ന് എനിക്ക് അറിയാം. ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ ആവേശത്തിലാണ്. എന്റെ മികച്ച പ്രകടനം നല്‍കാനും ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ജോവോ റോഡ്രിഗസ് പറഞ്ഞു.

Content Highlight: Gokulam FC signs Portuguese midfielder Joao Rodriguez

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more