| Monday, 12th February 2018, 7:03 pm

ഐ ലീഗില്‍ അട്ടിമറി; കരുത്തരായ മോഹന്‍ ബഗാനെ തറപറ്റിച്ച് ഗോകുലം കേരള എഫ്.സി

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഐ ലീഗില്‍ വമ്പന്‍ അട്ടിമറിയുമായി ഗോകുലം കേരള എഫ്.സി. കരുത്തന്മാരായ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം അട്ടിമറിച്ചത്. അലജ്മിയും ഹെന്റി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകള്‍ നേടിയത്. ദിപാണ്ഡ ഡിക്കയാണ് മോഹന്‍ ബഗാനിന്റെ ഏക ഗോള്‍ നേടിയത്.

കരുത്തരായ കൊല്‍ക്കത്തന്‍ ടീമിനെ ആദ്യ പകുതിയില്‍ ഗോളൊന്നും അടിയ്ക്കാതെ പിടിച്ചു കെട്ടിയതാണ് ഗോകുലത്തിന് രക്ഷയായത്. ഗോകുലം ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്റെ മികച്ച പ്രകടനമാണ് ബഗാന് ആദ്യ പകുതിയില്‍ ഗോള്‍ നിഷേധിച്ചത്. അലജ്മിയും അഡോയും തുടക്കത്തില്‍ തന്നെ ഗോള്‍ നേടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോവുകയായിരുന്നു.

ഹന്റി കിസെക്ക നല്‍കിയ പാസ് മനോഹരമായി വരുതിയിലാക്കിയ അലജ്മി ബഗാന്‍ ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരം നല്‍കാതെ ഗോളാക്കി മാറ്റുകയായിരുന്നു. പക്ഷെ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ഡിക്കയിലൂടെ ബഗാന്‍ സമനില പിടിച്ചു. ബിമലിന്റെ ഹെഡറില്‍ നിന്നാണ് ഡിക്ക ഗോള്‍ നേടിയത്.

കളി സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയിടത്തായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍ പിറന്നത്. ഹെന്റി കിസെക്ക മികച്ചൊരു ഷോട്ടിലൂടെ ബഗാന്‍ ഗോള്‍ കീപ്പര്‍ ഷില്‍ട്ടന്‍ പോളിനെ മറികടക്കുയായിരുന്നു. വിജയത്തോടെ ഗോകുലം വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more