| Wednesday, 11th November 2026, 10:50 am

ഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്ക് അറബി വേഷമായിരുന്നില്ല; ആക്ഷന്‍ സോങ് വിവാദത്തില്‍ സംഘപരിവാറിനെതിരെ എം. ശിവപ്രസാദ്

നിഷാന. വി.വി

തിരുവനന്തപുരം: സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ആക്ഷന്‍ സോങ് മത്സരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ വരികള്‍ ഉള്‍പ്പെടുത്തിതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.

കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തില്‍ യു.കെ.ജി വിദ്യാര്‍ത്ഥികളെ കൊണ്ട് ഈ പാട്ട് പഠിപ്പിച്ച് പാടിച്ചവരോട് ചില ചോദ്യങ്ങളുണ്ട് എന്ന് തുടങ്ങുന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം.

ലോകത്ത് സമീപകാലത്ത് ഏറ്റവും അധികം മനുഷ്യര്‍ കൊലചെയ്യപ്പെട്ടത് ഫലസ്തീനിലാണെന്നും 75,000 ല്‍ അധികം മനുഷ്യരെ കൊന്നൊടുക്കാന്‍ ബോംബ് വെച്ച ബെഞ്ചമിന്‍ നെതന്യാഹുവിന് അറബി വേഷവിധാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ലോകത്ത് എല്ലായിടത്തും പോയി സമാധാനം നശിപ്പിച്ചു യുദ്ധങ്ങള്‍ ഉണ്ടാക്കുകയും ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും, എല്ലാ തീവ്രവാദ സംഘങ്ങള്‍ക്കും ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിന് അറബി വേഷവിധാനം ഇല്ല.

ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുണ്ട്. ആ കലാപങ്ങളുടെ ആസൂത്രകരായി ഭൂരിപക്ഷ – ന്യൂനപക്ഷ മത ഭീകരവാദികളെ നമുക്ക് കാണാന്‍ കഴിയും. രാഷ്ട്രീയ അധികാരത്തിനുവേണ്ടി ഏറ്റവും അധികം വര്‍ഗീയ കലാപങ്ങള്‍ക്ക് ഇന്ത്യയില്‍ തിരികൊളുത്തിയത് സംഘപരിവാര്‍ ആണെന്നും മറക്കരുത്.
ഒരു നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യം എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിന് ജീവിതം അര്‍പ്പിച്ച രാജ്യത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ആര്‍.എസ്.എസ് ഭീകരവാദിക്ക് അറബി വേഷവിധാനം ഉണ്ടായിരുന്നില്ല,’ എസ്.എഫ്.ഐ നേതാവ് കുറിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് പ്രധാനമന്ത്രിമാരെ കൊലപ്പെടുത്തിയവര്‍ക്കും അറബി വേഷവിധാനമായിരുന്നില്ലെന്നും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒഡീഷയിലും മധ്യപ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവര്‍ക്കും അറബി വേഷവിധാനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗ്രഹാം സ്‌റ്റൈന്‍ എന്ന മിഷനറിയെയും രണ്ടു കുഞ്ഞു മക്കളെയും ചുട്ടെരിച്ചത് സംഘപരിവാര്‍ ആയിരുന്നു എന്ന് മറന്നു പോകരുത്. ലോകത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ നിലനില്‍ക്കുമ്പോഴാണ് വേഷത്തിന്റെ പേരില്‍ വെറുപ്പിന്റെ രാഷ്ട്രീയവുമായി ചിലര്‍ ഇറങ്ങുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തുക പ്രയാസമാണ്. നിഷ്‌കളങ്കമായ കുഞ്ഞുങ്ങളുടെ ചിന്തയിലേക്ക് പോലും ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ തന്ത്രപൂര്‍വ്വം കുത്തിനിറക്കുന്നവരാണ് യഥാര്‍ത്ഥ ഭീകരവാദികള്‍,’ ശിവപ്രസാദ് പറഞ്ഞു.

വേഷം നോക്കിയല്ല ഭീകരതയെയും കൊലപാതകത്തെയും തിരിച്ചറിയേണ്ടതെന്നും ചെയ്ത കുറ്റവും അതിന്റെ പ്രത്യയശാസ്ത്രവുമാണ് പരിശോധിക്കേണ്ടതെന്നും കുഞ്ഞുങ്ങളിലേക്ക് പകരേണ്ടത് സ്‌നേഹമാണ്. വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ആലുവ ക്രൈസ്തവ മഹിളാലയം സ്‌കൂളില്‍ നടന്ന മത്സരത്തിലാണ് യു.കെ.ജി വിദ്യാര്‍ത്ഥികള്‍ പാടിയ പാട്ടിലെ വരികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. 15 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.

ഒരു പ്രത്യേക വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ വരികള്‍ മത്സരത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ട്രെയിന്‍ ബോഗികളില്‍ എത്തുന്ന മോഷ്ടാക്കളും റെയില്‍വേ പാളത്തില്‍ ബോംബ് വയ്ക്കുന്ന ഭീകരരും ഒരു അറബി വേഷവിധാനത്തില്‍ എത്തുന്നു എന്നതായിരുന്നു പാട്ടിലെ വരികള്‍.

കുട്ടികളുടെ അവതരണത്തിനിടയില്‍ തന്നെ സദസില്‍ ഉണ്ടായിരുന്ന ചിലര്‍ വിഷയത്തില്‍ ഇടപെടുകയും വരികളിലെ വിദ്വേഷ സ്വഭാവം ചൂണ്ടിക്കാട്ടി സംഘാടകരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഈ അവതരണത്തിന് സമ്മാനം നല്‍കുകയാണെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ന്ന് സംഘാടകര്‍ ഇടപെട്ട് പ്രസ്തുത ടീമിന് സമ്മാനം നല്‍കുന്നത് ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും ഇതേ ആക്ഷന്‍ സോങ് മത്സരത്തില്‍ അവതരിപ്പിക്കപ്പെടുകയും സമ്മാനം നേടുകയും ചെയ്തിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇത്തരം വരികള്‍ മത്സരത്തില്‍ എങ്ങനെ കടന്നുകൂടി എന്ന് അറിയില്ലെന്നാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം. ഈ പാട്ട് എഴുതിയത് ആരാണെന്ന് തങ്ങള്‍ക്ക് വ്യക്തമല്ലെന്നും മാനേജര്‍ അറിയിച്ചു. സംഭവത്തില്‍ സ്‌കൂള്‍ തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Content Highlight:  Godse, who killed Gandhi, did not wear Arab attire; M. Sivaprasad targets the Sangh Parivar over the ‘action song’ controversy.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more