| Tuesday, 27th August 2019, 8:04 pm

യോഗി ബാബുവിന്റെ പുതിയ ചിത്രത്തിനെതിരെ ആള്‍ദൈവം നിത്യാനന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നെ: നടന്‍ യോഗി ബാബുവിന്റെ പുതിയ ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ആള്‍ദൈവം നിത്യാനന്ദ. സിനിമയുടെ പോസ്റ്ററില്‍ തന്നെ അപമാനിച്ചുവെന്നാരോപിച്ചാണ് നിത്യാനന്ദയുടെ നടപടി.

യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രത്തോടൊപ്പം നിത്യാനന്ദയുടെ ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.

പോസ്റ്ററില്‍ നിന്ന് തന്റെ ചിത്രം നീക്കം ചെയ്ത് യോഗി ബാബുവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മാപ്പ് പറയണമെന്നാണ് നിത്യാനന്ദയുടെ ആവശ്യം.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിത്യാനന്ദയെ നിന്ദിക്കുകയാണെന്നാരോപിച്ച് തമിഴ്‌നാട് ശിവസേന ഘടകം നേരത്തേ രംഗത്ത് വന്നിരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ.സെല്‍വം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഭൂരിപക്ഷം ഹിന്ദുക്കളുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

കോമഡി ചിത്രമായ പപ്പിയില്‍ യുവനടന്‍ വരുണും വേഷമിടുന്നുണ്ട്. വേല്‍സ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇസ്രൈ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more