| Sunday, 28th September 2025, 8:58 am

വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക പീഡന പരാതി; ഒളിവില്‍ പോയ ആള്‍ ദൈവം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ആള്‍ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ആഗ്രയില്‍ വെച്ച് ദല്‍ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. ദല്‍ഹി വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് മേധാവിയായിരിക്കെ 17ലധികം വനിതാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അറസ്റ്റ്.

ആഗസ്റ്റ് നാല് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നുവെന്നും ഒളിത്താവളങ്ങള്‍ ഇടയ്ക്കിടെ മാറിയിരുന്നതായും പൊലീസ് പറയുന്നു.

സുരക്ഷയ്ക്കെന്ന പേരില്‍ ചൈതന്യാനന്ദ ഹോസ്റ്റലിന് ചുറ്റും സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ബാത്ത്റൂമുകളിലും മറ്റ് നിരവധി സ്ഥലങ്ങളിലും ഒളിക്യാമറകള്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചതായും പൊലീസിന്റെ എഫ്.ഐ.ആറിലുണ്ട്.

ഒളിക്യാമറകള്‍ വഴി ചൈതന്യാനന്ദ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണിലൂടെ കാണുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളോട് ഇതിനെ കുറിച്ച് അശ്ലീലമായ പല ചോദ്യങ്ങളും ഇയാള്‍ ചോദിച്ചിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

കുളിക്കാന്‍ പോകുന്ന സമയം എപ്പോഴാണ്, കാമുകന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, കോണ്ടം ഉപയോഗിച്ചിരുന്നോ തുടങ്ങി പല ചോദ്യങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഹോളി ആഘോഷത്തിനിടെ തങ്ങളുടെ മുടിയിലും കവിളിലും ചായം പുരട്ടാന്‍ അയാളെ അനുവദിക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലുണ്ട്.

രാത്രിയില്‍ ചൈതന്യാനന്ദ തങ്ങളെ തന്റെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി വിദേശ, ആഭ്യന്തര യാത്രകള്‍ക്ക് നിര്‍ബന്ധിച്ചുവെന്നും നിരവധി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ മഥുരയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതില്‍ നിന്ന് താന്‍ കഷ്ടിച്ച് രക്ഷപ്പെട്ടതായിട്ടാണ് ഒരു പെണ്‍കുട്ടിയുടെ മൊഴി.

പീഡനം ഭയന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചിട്ടുമുണ്ട്. ചൈതന്യാനന്ദയുടെ ആവശ്യങ്ങള്‍ അനുസരിക്കാന്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദത്തിലാക്കുകയും, തെളിവുകള്‍ ഇല്ലാതാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അസോസിയേറ്റ് ഡീന്‍ ഉള്‍പ്പെടെ മൂന്ന് വനിതാ ജീവനക്കാരുടെ പേരും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇയാള്‍ക്കെതിരെ മുമ്പും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009-ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016ലും ഇയാള്‍ക്കെതിരെ ലൈംഗിക പീഡ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകളും പുനഃപരിശോധിക്കും.

Content Highlight: Godman Chaitanya Nanda Saraswati arrested in sexual assault case.

We use cookies to give you the best possible experience. Learn more