ന്യൂയോർക്ക്: ദൈവം വഴികാട്ടുമെന്നും വെനസ്വേല ഉയർത്തെഴുന്നേൽക്കുമെന്നും സന്ദേശവുമായി അമേരിക്കൻ ജയിലിൽ നിന്നും വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. വെനസ്വേലൻ എണ്ണ ഇനി അമേരിക്കയ്ക്ക് സ്വന്തമാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മഡുറോയുടെ സന്ദേശം പുറത്തുവന്നത്.
വെനസ്വേലൻ എണ്ണപ്പാടങ്ങൾ അമേരിക്കയ്ക്ക് തുറന്നുനൽകുന്ന എണ്ണക്കരാറുമായി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് മുന്നോട്ടുപോകുമ്പോൾ താൻ ഉറച്ചുനിൽക്കുന്നുവെന്നും വെനസ്വേല വീണ്ടും ശക്തമായി ഉയർന്നു വരുമെന്നും ദൈവം രാജ്യത്തിന് വഴികാട്ടുമെന്നും മഡുറോ സന്ദേശത്തിൽ പറയുന്നു. ന്യൂയോർക്കിലെ ജയിലിൽനിന്നുമാണ് മഡുറോ സന്ദേശം പങ്കുവെച്ചത്.
മയക്കുമരുന്ന് കടത്ത്, അനധികൃതമായി തോക്ക് കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് ജനുവരി 3ന് യു.എസ് സൈനിക നടപടിയിലൂടെ മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അറസ്റ്റ് ചെയ്തത്. മഡുറോയും ഭാര്യയും ഇപ്പോൾ ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ജയിലിൽ കഴിയുകയാണ്.
കുടുംബാംഗങ്ങൾക്കും ജനങ്ങൾക്കും വേണ്ടി ജയിലിൽ നിന്നുമുള്ള തന്റെ ഒരു ചിത്രത്തോടൊപ്പമാണ് മഡുറോ സന്ദേശം എക്‌സിൽ കുറിച്ചത്.
‘എന്റെ എല്ലാ പേരക്കുട്ടികൾക്കും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, നമ്മളെ സ്നേഹിക്കുന്ന എല്ലാ നല്ല ആളുകൾക്കും ഒരു ചെറിയ സമ്മാനമായി ഞാൻ ഈ ഫോട്ടോകൾ അയയ്ക്കുന്നു. നിങ്ങളുടെ സ്നേഹത്താൽ നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ശക്തരും ശാന്തരും ആത്മവിശ്വാസമുള്ളവരുമായി തുടരും: ദൈവം നമ്മോടൊപ്പമുണ്ട്. ദൈവം നമുക്ക് പിന്തുണ നൽകും. വെനസ്വേല വീണ്ടും ഉയിർത്തെഴുന്നേൽക്കും,’ മഡുറോ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.
മഡുറോയ്ക്ക് ശേഷം അധികാരമേറ്റ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ചരിത്രപരമായ എണ്ണക്കരാറിൽ ഒപ്പുവെച്ചിരുന്നു. വാഷിംഗ്ടണിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് റോഡ്രിഗസിന്റെ ഈ നീക്കം. ജയിലിൽ ഇന്റർനെറ്റോ പത്രങ്ങളോ ലഭ്യമല്ലെങ്കിലും കുടുംബവുമായും അഭിഭാഷകരുമായും ഫോണിൽ സംസാരിക്കാൻ മഡുറോയ്ക്ക് അനുവാദമുണ്ട്.
അദ്ദേഹം നിലവിൽ ആരോഗ്യവാനാണെന്നും ബൈബിൾ വായനയിലാണ് സമയം ചെലവഴിക്കുന്നതെന്നും മകൻ നിക്കോളാസ് മഡുറോ ഗ്വെറ അറിയിച്ചു. മഡുറോയുടെയും ഭാര്യയുടെയും വിചാരണ 2027 ജൂൺ 1-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ആരംഭിക്കും.
Content Highlight: God will guide us, Venezuela will rise again: Nicolás Maduro sends message from U.S. prison