| Thursday, 12th March 2026, 2:46 pm

ദൈവം എന്നെ രക്ഷിച്ചു; വധശ്രമത്തിന് പിന്നാലെ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി

നിഷാന. വി.വി

ന്യൂദല്‍ഹി: തനിക്കെതിരായ വധശ്രമത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ല

‘ദൈവം എന്നെ രക്ഷിച്ചു’ എന്നാണ് അദ്ദേഹം ആദ്യ പ്രതികരണത്തില്‍ പറഞ്ഞത്.

ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് വധശ്രമമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

‘ ഞാന്‍ വേദിയില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ടു. എന്നാല്‍ അത് വെടിയൊച്ചയായിരുന്നു,’ ഫാറുഖ് അബ്ദുല്ല പറഞ്ഞു.

കുറ്റവാളിയുടെ ഉദ്ദേശം എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നും മുന്‍ പരിചയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹചടങ്ങായിരുന്നിട്ടും അവിടെ പൊലീസ് ഉദ്യോഗസ്ഥര്‍ കുറവായിരുന്നുവെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചു, അദ്ദേഹം എന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും വിഷയം അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഒരു അന്വേഷണം നടത്തണം.

ഇപ്പോള്‍ വെറുപ്പിന്റെ സാഹചര്യമാണുള്ളത്. അതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. ഒരു മതവും വെറുപ്പ് പഠിപ്പിക്കുന്നില്ല, മറിച്ച് സ്‌നേഹിക്കാന്‍ മാത്രമേ പഠിപ്പിക്കുന്നുള്ളു,’ അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ക്രമസമാധാനം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലെ അധികാരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ഫാറുഖ് അബ്ദുല്ല പ്രതികരിച്ചു.

കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ കശ്മീരിലെ സ്ഥിതി ശരിക്കും മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ നമ്മള്‍ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിലെ ഒരു വിവാഹത്തിനിടെ കമല്‍ സിങ് ജംവാള്‍ എന്നയാളാണ് ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കിയിരുന്നു. ഒരു നാടന്‍ തോക്കാണ് ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടൊയെന്ന് കണ്ടെത്താന്‍ ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ആക്രമണത്തില്‍ കുറ്റബോധമില്ലെന്നായിരുന്നു പ്രതി പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: God saved me; Former Jammu and Kashmir Chief Minister responds after assassination attempt

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more