ന്യൂദൽഹി: ക്ഷേത്രങ്ങളിൽ പണം നൽകി പ്രത്യേക പൂജകൾ നടത്താൻ ആളുകളെ അനുവദിക്കുന്ന രീതിക്കെതിരെ സുപ്രീം കോടതി. ഇത് ദേവന്റെ ‘വിശ്രമ സമയം’
തടസപ്പെടുത്തുന്നുവെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം.
വൃന്ദാവനിലെ ബങ്കി ബിഹാരി ക്ഷേത്രത്തിലെ ദർശന സമയങ്ങളിലും ക്ഷേത്രാചാരങ്ങളിലും മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ അധികാരികളിൽ നിന്നും സുപ്രീം കോടതി മറുപടി തേടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പാംചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ക്ഷേത്രത്തിലെ ദേവന്റെ ദർശന സമയത്തിലെ മാറ്റത്തെയും ക്ഷേത്രത്തിൽ നടത്തുന്ന ദെഹ്രി പൂജ ഉൾപ്പെടെയുള്ള ചില മതപരമായ ആചാരങ്ങൾ നിർത്തിവച്ചതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. അഭിഭാഷകൻ ശ്യാം ദിവാൻ, തൻവി ദുബെ എന്നിവരാണ് ഹരജി സമർപ്പിച്ചത്.
ദർശന സമയങ്ങൾ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണെന്നും സമയക്രമങ്ങൾ കർശനമായി പാലിച്ചിരുന്നതാണെന്നും ശ്യാം ദിവാൻ പറഞ്ഞു.
ഭഗവാൻ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന സമയമുൾപ്പെടെ ക്ഷേത്രങ്ങളിലെ സമയങ്ങളിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം കൂട്ടുചേർത്തു.
‘ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം അടച്ചതിനുശേഷം ഒരു ദിവസം പോലും ദേവനെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല. ദേവനെ ചൂഷണം ചെയ്യുന്നു,’ സുപ്രീം കോടതി നിരീക്ഷിച്ചു. പണം നൽകി പ്രത്യേക പൂജകൾ നടത്താൻ കഴിയുന്നത് സമ്പന്നർക്ക് മാത്രമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ വിശ്രമസമയമാണിതെന്നും സമയക്രമം പവിത്രമാണെന്നും അത് നിലനിർത്തുകയും കർശനമായി പാലിക്കുകയും ചെയ്യണമെന്നും അഭിഭാഷകർ ഹരജിയിൽ പറഞ്ഞിരുന്നു.
‘ക്ഷേത്രം വേനൽക്കാലത്തും ശൈത്യകാലത്തും കർശനമായ സമയക്രമങ്ങൾ പാലിച്ചിട്ടുണ്ട്. ദേവന്റെ ഉണർവ്, വിശ്രമം എന്നിവയുൾപ്പെടെയുള്ള ആന്തരിക ആചാരങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു,’ അഭിഭാഷകർ പറഞ്ഞു.
2025 സെപ്റ്റംബറിൽ പുറപ്പെടുവിച്ച മെമ്മോറാണ്ട പ്രകാരമുള്ള സമയക്രമത്തിലുള്ള മാറ്റങ്ങൾ ക്ഷേത്രത്തിലെ മതപരമായ ആചാരങ്ങളെ തടസപ്പെടുത്തിയെന്നും ശ്യാം ദിവാൻ വാദിച്ചു.
വാദങ്ങൾ കേട്ടശേഷം ക്ഷേത്ര മാനേജ്‍മെന്റ് കമ്മിറ്റിക്കും ഉത്തർ പ്രദേശ് സർക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. ജനുവരിയിൽ കേസ് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Content Highlight: ‘God needs rest’; Supreme Court against paying for special pujas in temples