| Thursday, 5th November 2026, 1:37 pm

ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്; സ്പാനിഷ് താരത്തിന്റെ മരണത്തില്‍ ഗോള്‍ കീപ്പര്‍

ശ്രീരാഗ് പാറക്കല്‍

കളിക്കളത്തിലെ കൂട്ടിയിടിയില്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം ജീസസ് ഡി മിഗ്വേല്‍ മരണപ്പെട്ടിരുന്നു. എഫ്.സി അന്റോറയുടെ ഗോള്‍ കീപ്പര്‍ ജീസസ് ഒവാനോയുമായിട്ടായിരുന്നു സ്പാനിഷ് താരം കൂട്ടിയിടിച്ചത്. സി.ഡി ടെനെരിഫ് താരമായ ജീസസിന്റെ മരണത്തില്‍ പ്രതികരിക്കുകയാണ് ഗോള്‍ കീപ്പര്‍ ഒവാനോ.

തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജീസസിന്റെ വിയോഗത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും ഒവാനോ പറഞ്ഞു. ജീസസിനെയും തങ്ങള്‍ അനുഭവിക്കുന്ന വേദനയെയും കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല. സംഭവിച്ചതെല്ലാം ഉള്‍ക്കൊള്ളാന്‍ എനിക്ക് വളരെ പ്രയാസമാണ്. ജീസസിന്റെ വിയോഗത്തില്‍ എനിക്ക് അതിയായ ദുഖമുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും ഞാന്‍ ഓര്‍ക്കുന്നു.

മരണപ്പെട്ട സ്പാനിഷ് ഫുട്‌ബോള്‍ താരം ജീസസ് ഡി മിഗ്വേല്‍

ഇനിയും നിരവധി കാര്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് എനിക്കറിയാം. എന്തുതന്നെയായാലും അങ്ങേയറ്റം ബഹുമാനത്തോടെ ഞാന്‍ അതിനെ നേരിടും. സത്യസന്ധമായി പറഞ്ഞാല്‍, ജീസസിനെയും ഞങ്ങള്‍ അനുഭവിക്കുന്ന വേദനയെയും കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. ജീസസിന് നിത്യശാന്തി നേരുന്നു,’ അന്‍ഡോറ ഫുട്‌ബോള്‍ ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഒവോനോ പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്പാനിഷ് പൊലീസ് വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് അറിയിച്ചു.

അസ്പാനിഷ് സെക്കന്‍ഡ് ഡിവിഷനില്‍ എഫ്.സി അന്റോറയും സി.ഡി ടെനെരിഫ്തമ്മിലുള്ള മത്സരത്തിലാണ് ഫുട്‌ബോള്‍ ലോകത്തെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്നത്.

അന്റോറയുടെ ഗോള്‍ കീപ്പര്‍ ജീസസ് ഒവാനോയുമായാണ് സ്പാനിഷ് താരം കൂട്ടിയിടിച്ചത്. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും ക്രോസ് ബോള്‍ പിടിച്ചെടുത്തുകൊണ്ട് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം പെനാല്‍റ്റി ഏരിയ വിട്ടുഓടിയെത്തിയ ഗോള്‍ കീപ്പറുടെ കാല്‍മുട്ട് സ്പാനിഷ് താരത്തിന്റെ നെഞ്ചില്‍ ഇരിക്കുകയായിരുന്നു.

ഉടനെ താരം മൈതാനത്തില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. അടിയന്തര ചികിത്സയ്ക്ക് ശേഷം താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മിഗ്വേല്‍ ലോകത്തോട് വിട പറയുകയായിരുന്നു.

മിഗ്വേല്‍ തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഭൂരിഭാഗം സമയവും ചെലവഴിച്ചത് സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകള്‍ക്കൊപ്പമായിരുന്നു. ലെഗനെസ് ബി, ഇന്റര്‍ മാഡ്രിഡ്, ഫ്യൂന്‍ലബ്രെഡ, നവല്‍കാര്‍നെറോ, യൂണിയനിസ്റ്റസ് ഡി സലാമങ്ക, കാസ്റ്റലോണ്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

2024 സീസണില്‍ കാസ്റ്റലോണിന് രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ ടീമിന്റെ ടോപ് സ്‌കോറര്‍ ജീസസ് ആയിരുന്നു. തൊട്ടടുത്ത വര്‍ഷമാണ് താരം ടെനെരിഫോയിലേക്ക് ചേക്കേറിയത്.

മിഗ്വേലിന്റെ വേര്‍പാട് കടുത്ത വേദനയാണ് ഉണ്ടാക്കിയതെന്ന് ടെനെരിഫ് ക്ലബ്ബ് വ്യക്തമാക്കി. താരത്തിനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച നടക്കാനിരുന്ന കോപ്പ ഡെല്‍റേ, കോപ്പ ഡി ലാ റെയ്‌ന മത്സരങ്ങള്‍ എന്നിവ മാറ്റിവെച്ചിട്ടുണ്ടെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

Content Highlight: Goalkeeper Jesús Owono reacts to the death of the Spanish player

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more