| Sunday, 26th July 2026, 8:35 pm

ഉമര്‍ ഖാലിദിന് പിന്തുണയറിയിച്ചു; ഗോവയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആഘോഷിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

റെന്വര്‍ പി

പനാജി: ഗോവയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന്റെ ആഘോഷത്തിനിടെ ഉമര്‍ ഖാലിദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിയുടെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിക്കാനായി പനാജി ആസാദ് മൈദാനില്‍ ഇന്നലെ (ശനി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ദാനിഷ്, സുദിന്‍ ദാല്‍വി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉമര്‍ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പ്ലക്കാഡുമായാണ് ദാനിഷ് പരിപാടിയില്‍ പങ്കെടുത്തത്. ഉമര്‍ ഖാലിദിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യത്തെ താന്‍ പിന്തുണക്കുന്നതായി ദാനിഷ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാനിഷ് താന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദാനിഷിനെ കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ദാനിഷിന്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ സുദിന്‍ ദാല്‍വിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സുദിന്‍ സാല്‍വിയും ഉമര്‍ ഖാലിദിനെ പിന്തുണച്ചിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത യുവാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുവാക്കള്‍ക്കെതിരെ പനാജി പൊലീസ് സ്റ്റേഷന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം യുവാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തുഷാര്‍ കേല്‍ക്കര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഉമര്‍ ഖാലിദ് ഒരു ദേശ വിരുദ്ധനമാണെന്നും യുവമോര്‍ച്ച നേതാവ് ആരോപിച്ചു.

യുവാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദിനെ പിന്തുണക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമാവുക എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഗോവ പൊലീസിന്റെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നത്.

2020ലെ നോര്‍ത്ത് ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. കലാപത്തിനായി ഗൂഡാലോചന നടത്തിയെന്ന് ആരോപണത്തില്‍ യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉമര്‍ ഖാലിദ് തടവില്‍ കഴിയുന്നത്.

കേസില്‍ വിചാരണ നടക്കാതെ ആറ് വര്‍ഷത്തോളമായി ഉമര്‍ ഖാലിദ് വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകളും നിരന്തരമായി തള്ളിയിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ഉമര്‍ ഖാലിദിനും മുന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷര്‍ജീല്‍ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്ക് അന്ന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി അഞ്ജാരിയ എന്നിവരുടെ ബഞ്ചാണ് ജനുവരിയില്‍ ജാമ്യം നിഷേധിച്ചത്. ഈ നടപടിയില്‍ സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് പിന്നീട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍ ബി.വി നാഗരത്‌ന എന്നിവരുടെ ബഞ്ചാണ് ഈ വര്‍ഷം മേയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.

ജാമ്യമാണ് ചട്ടമെന്നും ജയില്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം മതിയെന്നുമുള്ള നയം യു.എ.പി.എ കേസുകളിലും സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍ ബി.വി നാഗരത്‌ന എന്നിവര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Goa: Two detained for showing support for Umar Khalid during paper leak protest in Panaji

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more