| Thursday, 8th October 2026, 11:31 am

'ഗോവയ്ക്ക് ട്രിപ്പാണ്... പഴയ പള്ളികളൊക്കെ കാണാനുണ്ട്'; 'പള്ളി... പിന്നെ, ഒന്ന് ചുമ്മാതിരി ചേട്ടാ!'; മലയാളിയുടെ പൊതുബോധത്തെ കളിയാക്കുന്ന ബെത്‌ലഹേം

ആര്യ.പി

ഗോവയിലേക്ക് ഒരു ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ അയല്‍ക്കാരോട് പറയാന്‍ മലയാളി സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ‘പുണ്യസ്ഥല’ കവറേജുണ്ട്. വെറുതെയൊരു ട്രിപ്പല്ല, കുറച്ച് ‘പുണ്യ’ സ്ഥലങ്ങളൊക്കെ കാണാനാണ് യാത്രയെന്ന ബോധ്യപ്പെടുത്തല്‍.

അതിന് പള്ളിയും അമ്പലവും ചരിത്രപ്രധാനമായ സ്ഥലങ്ങളുമൊക്കെ കൂട്ടുപിടിക്കും. ഗോവയിലേക്കുള്ള യാത്രയ്ക്ക് ഇത്തരമൊരു ‘ഡീസന്റ്’ കാരണം കണ്ടെത്തുന്ന മലയാളിയുടെ പതിവിനെ വളരെ രസകരമായി ഒരു സീനിലൂടെ കളിയാക്കുകയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.

ജസ്റ്റിന്റെ അച്ഛന്‍ അയല്‍ക്കാരനായ ആഷ്ലിയുടെ അച്ഛനോട് കുടുംബമായി ഗോവയിലേക്ക് പോകുന്ന കാര്യം പറയുന്ന രംഗമാണത്. ‘ഗോവ’ എന്ന് കേള്‍ക്കുമ്പോള്‍ നാട്ടുകാരുടെ മനസിലേക്ക് ഓടിയെത്തുന്ന ചില പതിവ് ചിത്രങ്ങളുണ്ടല്ലോ. അതൊന്ന് ബാലന്‍സ് ചെയ്യാന്‍ ജസ്റ്റിന്റെ അച്ഛന്‍ ഉടന്‍ തന്നെ ഒരു ഡീസന്‍സി കവറിട്ടാണ് അതിനെ അവതരിപ്പിക്കുന്നത്.

‘ഗോവയില്‍ ട്രിപ്പ് പോകുവാ… അവിടെ കുറെ പഴയ പള്ളികളൊക്കെ ഉള്ളതല്ലേ…’ എന്നാണ് പറയുന്നത്. എന്നാല്‍ ഇത് കേട്ടമാത്രയില്‍ ആഷ്ലിയുടെ അച്ഛന്‍ ‘പള്ളി… പിന്നെ… ഒന്ന് ചുമ്മാതിരി ചേട്ടാ!’ എന്ന മറുപടിയില്‍ ആ ‘പുണ്യസ്ഥല’ കവറേജിന്റെ കാറ്റങ്ങ് അഴിച്ചുവിടുകയാണ്.

ഫാമിലി ട്രിപ്പ് ആണെന്ന് പറഞ്ഞാലും ‘ഗോവ’ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ പൊതുബോധത്തില്‍ ആദ്യം വരുന്ന ചില സ്ഥിരം കാഴ്ചകളുണ്ട്. ബീച്ച്, പാര്‍ട്ടി, കള്ളുകുടി, ബിക്കിനി… അങ്ങനെ പോകുന്ന ആ ഇമേജുകള്‍ക്കിടയില്‍ ‘പഴയ പള്ളികള്‍ കാണാന്‍ പോകുകയാണ്’ എന്ന വിശദീകരണം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ അയല്‍ക്കാരന്റെ സംശയം തന്നെയാണ് ഇവിടെ കോമഡിയാകുന്നത്.

പ്രത്യേകിച്ച് ഈ സീന്‍ മലയാളിയുടെ ‘അയല്‍ക്കാരന്‍ എന്ത് വിചാരിക്കും’ എന്ന ചിന്തയെയും, ഒരു കാര്യത്തെ നാട്ടുകാരോട് പറയുമ്പോള്‍ അതിന് നല്‍കുന്ന ‘ഡീസന്റ്’ വിശദീകരണങ്ങളെയും ഒരുമിച്ച് കളിയാക്കുന്നുണ്ട്.

ഗോവയ്ക്ക് പോകുമ്പോള്‍ ‘ട്രിപ്പ്’ എന്നതിനെക്കാള്‍ ‘പഴയ പള്ളികള്‍ കാണാന്‍’ എന്ന ന്യായീകരണം കുറച്ചുകൂടി വിശ്വസനീയമാക്കാന്‍ ശ്രമിക്കുന്നതും, അത് കേള്‍ക്കുന്ന അയല്‍ക്കാരന്‍ ആ ന്യായീകരണം ഒറ്റ ഡയലോഗില്‍ പൊളിച്ചടുക്കുന്നതുമാണ് സീനിന്റെ രസം.

സിനിമയിലെ ഇത്തരത്തിലുള്ള ചെറിയ ചെറിയ രംഗങ്ങളും ഡയലോഗുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ചര്‍ച്ചകളിലൂടെയും വീണ്ടും ശ്രദ്ധ നേടുകയാണ്.

Content Highlight: Goa Trip Scene and Sarcasm in BKU Movie

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more