| Sunday, 25th January 2026, 4:41 pm

ഗോവ നൈറ്റ് ക്ലബ്ബ്‌; 22 കോടി രൂപ വരുമാനം ലഭിച്ചത് കള്ളപ്പണം വെളുപ്പിക്കലിലൂടെയെന്ന് ഇ.ഡി

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: കഴിഞ്ഞ വർഷം തീപിടുത്തത്തിൽ 25 പേർ കൊല്ലപ്പെട്ട ഗോവയിലെ നൈറ്റ് ക്ലബ്ബിലെ 22 കോടി രൂപ വരുമാനം കള്ളപ്പണം വെളുപ്പിക്കലിലൂടെ ലഭിച്ചതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

നിയമപരമായ ലൈസൻസുകൾ ഇല്ലാതെയും വിവിധ ഗ്രൂപ്പുകളിൽ നിന്നും വ്യാജമായി നിർമിച്ച എൻ.ഒ.സികൾ ഉപയോഗിച്ചുമാണ് ക്ലബ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

ക്ലബ്ബിന്റെ നടത്തിപ്പുകാർ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി 22 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയതെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ക്ലബ്ബിന്റെ വരുമാനം കുറ്റകൃത്യത്തിലൂടെ നേടിയതാണെന്ന് ഇ.ഡി ആരോപിച്ചു.

ബിർച്ച് ബൈ റോമിയോ ലെയ്ൻ ക്ലബ്ബിനും അതിന്റെ പ്രൊമോട്ടർമാരായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവർക്കുമെതിരെ ജനുവരി 23നായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. ഗോവ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും മാറ്റിയതായും ഇ.ഡി കണ്ടെത്തി. വിദേശ വിനിമയങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചെന്നും ഇ.ഡി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവർ തായ്‌ലാൻഡിലേക്ക് കടന്നിരുന്നു.

പിന്നീട് ലുത്ര സഹോദരങ്ങൾ ഉൾപ്പെടെ എട്ടുപേരെ ഇതുവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2025 ഡിസംബർ 6ന് ഗോവയിലെ അർപ്പോറ ഗ്രാമത്തിലുള്ള ബിർച്ച് ബൈ റോമിയോ ലെയ്ൻ ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്നുള്ള അന്വേഷണ റിപ്പോർട്ടുകളിൽ നിയമവിരുദ്ധമായാണ് ക്ലബ്ബ് നിർമ്മിച്ചതെന്നും ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും വ്യക്തമായിരുന്നു.

നിയമവിരുദ്ധമായി ട്രേഡ് ലൈസൻസുകളും എൻ.ഒ.സികളും നൽകാൻ സഹായിച്ച മുൻ സർപഞ്ച് റോഷൻ റെഡ്കർ, മുൻ പഞ്ചായത്ത് സെക്രട്ടറി രഘുവിർ ബാഗ്കർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സ്ഥാപനം 1999 മുതൽ നടത്തിയിട്ടുള്ള നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരുന്നു.

Content Highlight: Goa nightclub; Income of Rs 22 crore was generated through money laundering, says ED

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more