| Saturday, 3rd December 2011, 7:12 pm

സുവര്‍ണ്ണ മയൂരം പൊര്‍ഫീരിയോക്ക്; അബൂവിന് രജത മയൂരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവ ചലച്ചിത്രോത്സവത്തില്‍ കൊളംബിയന്‍ ചിത്രം പൊര്‍ഫീരിയോ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായി. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിനാണ് രജത മയൂരം. 15 ലക്ഷം രൂപയും ഫലകവുമാണ് രജത മയൂരത്തിന്റെ പുരസ്‌കാരത്തുക.

മേളയിലെ മികച്ച നടിയായി നദേശ മര്‍ക്കിനയെയും(എലേന- റഷ്യ), മികച്ച നടനായി സാസണ്‍ ഗബേയെയും( റസ്റ്റൊറേഷന്‍- ഇസ്രായേല്‍) തിരഞ്ഞെടുത്തു. മികച്ച സംവിധായകനുളള പുരസ്‌കാരം അസ്‌കര്‍ ഫെറാഹ്ദി(ഇറാന്‍) നേടി.

ജീവിതത്തിലെ അവിസ്മരണീയ ദിനമാണിതെന്ന് സലിം അഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. സിനിമയ്ക്കായി തിരഞ്ഞെടുത്ത വിഷയമാണ് അംഗീകാരങ്ങള്‍ക്കെല്ലാം കാരണമെന്ന് താന്‍ വിശ്വസിക്കുന്നതായും അവാര്‍ഡ് തുക ചിത്രത്തിന്റെ ഓസ്‌കാര്‍ പ്രചാരണത്തിനായി വിനിയോഗിക്കുമെന്നും സലീം പറഞ്ഞു. ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമായിരുന്നു.”ആദാമിന്റെ മകന്‍ അബു”. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ-സംസ്ഥാനഅവാര്‍ഡുകള്‍ സ്വന്തമാക്കിയ ഈ ചിത്രം 2010ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് സലീം കുമാറിന് മികച്ച നടനുള്ള ദേശീയ-സംസ്ഥാനപുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഹജ്ജിന് പോകാന്‍ പണം കണ്ടെത്താന്‍ പരിശ്രമിക്കുന്ന അബു എന്ന അത്തര്‍ വില്‍പനക്കാരന്റെ സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Malayalam news, Kerala news in English

We use cookies to give you the best possible experience. Learn more