| Thursday, 16th July 2026, 12:59 pm

നരകത്തില്‍ പോകൂ; ഇറാനുമായുള്ള കരാര്‍ തകര്‍ക്കാന്‍ ഇസ്രഈല്‍ ശ്രമമെന്ന് ജെ.ഡി വാന്‍സ്

നിഷാന. വി.വി

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി എപ്സ്റ്റീന് ഇസ്രഈല്‍ ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടന്ന ആരോപണവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. അമേരിക്കന്‍ രഹസ്യാനേഷ്യണ വിഭാഗത്തിലേയും ഇസ്രഈല്‍ രഹസ്യാന്വേഷണ വിഭാഗത്തിലേയും ഉന്നതരുമായി എപ്സ്റ്റീന് വ്യക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് ജെ.ഡി വാന്‍സ് പറഞ്ഞു.

പ്രത്യേകിച്ച് ഇസ്രഈലിലെ ഉന്നതരുമായിട്ടായിരുന്നു എപ്സ്റ്റീന് കൂടുതല്‍ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ദി ജോ റോഗന്‍ എക്‌സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹൂദ് ബാരാകുമായുള്ള ഇസ്രഈലിന്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക് പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുമായും എപ്സ്റ്റീന് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നടപടികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയും വാന്‍സ് വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

അമേരിക്കയിലെ പൊതുജനങ്ങളുടെ അഭിപ്രായം മാറ്റിമറിച്ച് ഇറാനുമായുള്ള യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോവാന്‍ ഇസ്രഈല്‍ ഭരണകൂടത്തിലെ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു വാന്‍സിന്റെ പ്രസ്താവന.

മുന്‍ ട്രംപ് കാമ്പയിന്‍ മാനേജറായ ബ്രാഡ് പാസ്‌കെയിലിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഗവണ്‍മെന്റിലെ ചില ഘടകങ്ങള്‍ പണം നല്‍കി ഒരു കൂട്ടം ഇന്‍ഫ്‌ളൂവന്‍സര്‍മാരെ കൊണ്ട് ഇസ്രഈല്‍ അനുകൂല പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഓണ്‍ലൈനിലെ യഹൂദ വിരുദ്ധത ചെറുക്കുക എന്ന പേരില്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരുന്നതായും എന്നാലിത് യുവ യാഥാസ്ഥിതികര്‍ ഇസ്രഈലിന് എതിരാവുന്നത് തടയാനാണ് ലക്ഷ്യം വെച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തെ വിമര്‍ശിച്ച് യാഥാസ്ഥിതിക ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ഒരേസമയം പോസ്റ്റുകള്‍ പങ്കുവെച്ചത് ഈ കാമ്പയിന്റ ഭാഗമാണെന്ന് യു.എസ് കണ്ടെത്തിയിരുന്നു.

താന്‍ ഖത്തറിന്റെ സ്വാധീനത്തിലാണെന്നും വിദേശ ഗവണ്‍മെന്റുകളുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും കള്ളമാണെന്നും വാന്‍സ് വ്യക്തമാക്കി.

വിദേശ രാജ്യങ്ങള്‍ അമേരിക്കയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് സാധാരണമാണെന്നും ഇസ്രഈലും മറ്റ് രാജ്യങ്ങളും അത് ചെയ്യാറുണ്ടെന്നും എന്നാല്‍ അമേരിക്കന്‍ നേതൃത്വം ഈ സ്വാധീനങ്ങള്‍ക്ക് വഴങ്ങി തങ്ങളുടെ തീരുമാനങ്ങള്‍ മാറ്റുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും, വിദേശ പണം വാങ്ങി തന്നെ തെറ്റായ രീതിയില്‍ ആക്രമിക്കുന്നവരോട് ‘ഗോ ടു ഹെല്‍’ (നരകത്തില്‍ പോകൂ) എന്നാണ് പറയാനുള്ളതെന്നും വാന്‍സ് വ്യക്തമാക്കി. യുദ്ധം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാന്‍ ഇസ്രഈലി സിസ്റ്റത്തിനുള്ളിലെ ചിലര്‍ അമേരിക്കന്‍ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം സംശയമില്ലാത്തതാണെന്നും വാന്‍സ് ആരോപിച്ചു.

Content Highlight: “Go to hell”: JD Vance says Israel is trying to sabotage the Iran deal.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more