ഗല്ലെയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിനോട്, ഇത് ഒരു വലിയ ഇരട്ട സെഞ്ച്വറിയോ അല്ലെങ്കില്‍ ട്രിപ്പിള്‍ സെഞ്ച്വറിയോ ആക്കി മാറ്റാന്‍ മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 26കാരനായ പടിക്കല്‍ വീണ്ടും ടെസ്റ്റ് ഇലവനില്‍ തിരിച്ചെത്തിയത്. പരിക്കുമൂലം സായ് സുദര്‍ശന്‍ പരമ്പരയില്‍ നിന്ന് പുറത്തായതോടെയാണ് പടിക്കലിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചത്.
ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com
ലഭിച്ച അവസരം മുതലാക്കിയ താരം സെഞ്ച്വറിയുമായാണ് കളം നിറഞ്ഞത്. നിലവില്‍ മഴ മൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ 178 പന്തില്‍ 131 റണ്‍സുമായി ദേവ്ദത്ത് പുറത്താകാതെ ബാറ്റിങ് തുടരുകയാണ്. പടിക്കലിന്റെ മികവില്‍ 288/2 എന്ന ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍ ബാറ്റിങ് തുടരുന്നത്.
സദഗോപന്‍ രമേശ്
‘എനിക്ക് പടിക്കലിനോട് നല്‍കാനുള്ള ഒരേയൊരു ഉപദേശം, ഈ 150 റണ്‍സ് കൊണ്ട് തൃപ്തിപ്പെടരുത് എന്നാണ്. സാധിക്കുമെങ്കില്‍ ഒരു വലിയ 200 അല്ലെങ്കില്‍ 300 റണ്‍സ് തന്നെ സ്വന്തമാക്കണം.
കാരണം ചില കളിക്കാരുടെ കാര്യത്തില്‍, അവര്‍ എപ്പോഴെങ്കിലും സെഞ്ച്വറിയടിച്ചാലും അതല്ലെങ്കില്‍ സ്ഥിരമായി അടിക്കുന്നവരായാലും, ടീം മാനേജ്‌മെന്റിലെ ചിലര്‍ അവരെ എങ്ങനെ പുറത്താക്കാം എന്ന് മാത്രമായിരിക്കും ചിന്തിക്കുന്നത്. അതുകൊണ്ട് പടിക്കല്‍ ഒരു വന്‍ സ്‌കോര്‍ തന്നെ നേടേണ്ടതുണ്ട്,’ സദഗോപന്‍ പറഞ്ഞു.
ലങ്കന്‍ പര്യടനത്തിലെ ബാറ്റിങ് പ്രകടനത്തോടെ പടിക്കല്‍ ടീമിലേക്കുള്ള വാതില്‍ തട്ടിത്തുറക്കുകയല്ല, മറിച്ച് വാതില്‍ തകര്‍ത്ത് അകത്തുകയറുകയാണ് ചെയ്തതെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ മികച്ച രഞ്ജി ട്രോഫി പ്രകടനവും (6 മത്സരങ്ങളില്‍ നിന്ന് 60+ ശരാശരിയില്‍ 543 റണ്‍സ്), ശ്രീലങ്ക എ ടീമിനെതിരായ അര്‍ധ സെഞ്ചുറികളും, പരിശീലന മത്സരത്തിലെ പുറത്താകാതെയുള്ള 142 റണ്‍സും, ഇപ്പോള്‍ ടെസ്റ്റിലെ സെഞ്ചുറിയും വഴി പടിക്കല്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് രമേശ് അഭിപ്രായപ്പെട്ടു.
Content highlight: “Go for a big 200 or even a 300 if possible” – Former Indian star advices Devdutt Padikkal