ന്യൂദല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ സ്‌കൂള്‍ പരിസരത്ത് പുറത്ത് നിന്നുള്ളവരുടെ പ്രവേശനവും ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിരോധിച്ച രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി സി.ജെ.പി വക്താവ്.
സംസ്ഥാനത്തെ തകര്‍ന്ന് കിടക്കുന്ന സ്‌കൂളുകളില്‍ പരിശോധന തുടരുമെന്നും പൊലീസ് നടപടിയുണ്ടായാലും പിന്മാറില്ലെന്നും സി.ജെ.പി വക്താവ് അശുതോഷ് റങ്ക പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി.ജെ.പി ‘സ്‌കൂള്‍ ഠീക് കരോ’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് സി.ജെ.പി വക്താവിന്റെ പ്രതികരണം.
‘രാജസ്ഥാനിലെ എല്ലാ സ്‌കൂളുകളും ശരിയാക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ മുന്‍കൂട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. ഞങ്ങളെ വേണമെങ്കില്‍ അറസ്റ്റ് ചെയ്‌തോളൂ. എന്നാലും ക്യാമ്പയിന്‍ തുടരുക തന്നെ ചെയ്യും,’ അശുതോഷ് പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂള്‍ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് പകരം അവയെ മറിച്ചുവെക്കുന്നതിനാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിങ് ദോത്തസാരയും പ്രതികരിച്ചു.
രാജസ്ഥാനിലെ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ലളിത് കുമാര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് നിന്നുള്ളവരുടെ പ്രവേശനം സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പ്രിന്‍സിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
അധ്യാപകരോ ജീവനക്കാരോ ഇല്ലാതെ പുറത്ത് നിന്നുള്ളവര്‍ക്ക് ക്ലാസ്മുറികള്‍, ലാബോറട്ടറികള്‍, ഹോസ്റ്റലുകള്‍, ശുചിമുറികള്‍, വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്ത മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാനും പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
കൂടാതെ സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഓഡിയോ, വീഡിയോ, ലൈവ് സ്ട്രീമിങ് എന്നിവ നടത്തുന്നതും വിലക്കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പ്രത്യേകം നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അനുമതിയില്ലാതെ സ്‌കൂളില്‍ പ്രവേശിക്കുന്നവരെ പുറത്താക്കാനും ഈ സര്‍ക്കുലര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അധികാരം നല്‍കുന്നു. ‘ലോക്കോ പാരന്റീസ്’ അഥവാ മാതാപിതാക്കളുടെ സ്ഥാനത്ത് പ്രവര്‍ത്തിക്കുക എന്ന തത്വമാണ് ഇത് വഴി നടപ്പിലാക്കുകന്നതെന്നാണ് സര്‍ക്കാര്‍ വാദം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം, അന്തസ്, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള സുപ്രീം കോടതി വിധിന്യായങ്ങള്‍, സ്‌കൂള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Content Highlight: “Go ahead and file a case if you wish; but we will not back down until the schools are set right”: CJP against the Rajasthan government.