സിലിഗുരി: ദുര്‍ഗാ പൂജ നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ പ്രത്യക്ഷപ്പെട്ട നൂറ് കണക്കിന് പോസ്റ്ററുകള്‍ വിവാദത്തില്‍. പൂജാ സാധനങ്ങളും ബിരിയാണിയും മറ്റ് ഭക്ഷ്യവസ്തുക്കളും ഹിന്ദു വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. പ്രദേശത്തെ കടകള്‍ക്ക് മുന്നിലും പ്രധാന തെരുവുകളിലുമൊക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ബിരിയാണി കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നില്ല. പക്ഷേ ഒരു ഹിന്ദുവിന്റെ കടയില്‍ നിന്നത് കഴിക്കൂ, ക്യൂ ആര്‍ കോഡ് വഴി പണം നല്‍കുന്നതിന് മുമ്പ് വില്‍പ്പനക്കാരന്റെ പേര് ചോദിക്കൂ,’ ഇത്തരത്തിലാണ് പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വാചകങ്ങള്‍.
ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ ഒരു സമുദായത്തിനും എതിരല്ലെന്നും ഉത്സവ സീസണില്‍ ഹിന്ദു വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റര്‍ പതിച്ചതെന്നാണ് സംഘടനാ നേതാക്കളുടെ വാദം.
എന്നാല്‍ ഇന്ത്യ പോലൊരു മതേതര രാജ്യത്ത് ഇത്തരത്തിലൊരു സംഭവം അംഗീകരിക്കാനാവില്ലെന്നും ഇത് ഭിന്നിപ്പ് ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പോസ്റ്ററുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: “Go ahead and eat biryani—no one will stop you—but eat at a Hindu-owned shop”: Controversial posters appear in Bengal during Durga Puja.