| Monday, 27th October 2025, 1:10 pm

പാസ് ഇപ്പോഴും കൈയിലുണ്ട് കേട്ടോ, സക്‌സസ് സെലിബ്രേഷന്‍ എപ്പോഴാ? കങ്കുവ ഓഡിയോ ലോഞ്ചിന്റെ ഒന്നാം വാര്‍ഷികത്തില്‍ നിര്‍മാതാവിന് ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് ഒരു വര്‍ഷമാകാറായിട്ടും കങ്കുവയെ വെറുതേ വിടാന്‍ ഉദ്ദേശമില്ലാതെ ട്രോളന്മാര്‍. കഴിഞ്ഞദിവസം കങ്കുവയുടെ ഓഡിയോ ലോഞ്ചിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. തമിഴ് സിനിമയിലെ പല മുന്‍നിര സംവിധായകരും അണിനിരന്ന ഗ്രാന്‍ഡ് ഇവന്റായിരുന്നു കങ്കുവയുടെ ഓഡിയോ ലോഞ്ച്. ചിത്രത്തിലെ തലൈവനേ എന്ന ഗാനമടക്കം സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചു.

എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഈ ചടങ്ങ് ഓര്‍മിക്കപ്പെടുന്നത് നിര്‍മാതാവ് ജ്ഞാനവേല്‍ രാജയുടെ വാക്കുകളാണ്. ഓഡിയോ ലോഞ്ച് അവസാനിക്കാറായപ്പോള്‍ പാസ് ആരും കളയരുതെന്നും ഡിസംബറില്‍ ഇതേ വേദിയില്‍ സക്‌സസ് സെലിബ്രേഷനുണ്ടാകുമെന്നായിരുന്നു ജ്ഞാനവേല്‍ രാജ പറഞ്ഞത്. ഓഡിയോ ലോഞ്ചിന്റെ അതേ പാസ് ഉപയോഗിച്ച് സക്‌സസ് സെലിബ്രേഷന് വരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റിലീസ് ചെയ്ത് ആദ്യ ഷോ അവസാനിച്ചപ്പോഴേക്ക് കങ്കുവക്ക് മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. ഒട്ടും പിടിച്ചിരുത്താനാകാത്ത തിരക്കഥയും മോശം സൗണ്ട് ഡിസൈനുമെല്ലാം പ്രേക്ഷകര്‍ക്ക് തലവേദന സമ്മാനിച്ചു. റാം ചരണിന്റെ ഗെയിം ചേഞ്ചര്‍ റിലീസാകുന്നതുവരെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നഷ്ടം വരുത്തിയ ചിത്രമെന്ന മോശം റെക്കോഡ് സൂര്യയുടെ പേരിലായി.

ഇതോടെ ജ്ഞാനവേല്‍ രാജയുടെ വാക്കുകള്‍ ട്രോള്‍ മെറ്റീരിയലായി മാറി. ചിത്രം റിലീസിന് മുമ്പ് കണ്ടതിന് ശേഷവും ഇത്രയും കോണ്‍ഫിഡന്‍സോടെ സക്‌സസ് സെലിബ്രേഷനെക്കുറിച്ച് സംസാരിച്ച ജ്ഞാനവേല്‍ രാജയെ ട്രോളന്മാര്‍ ഏറ്റെടുത്തു. ഓഡിയോ ലോഞ്ചിന്റെ ഒന്നാം വാര്‍ഷികത്തിലും അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

‘ജീവിതത്തില്‍ ഇദ്ദേഹത്തിന്റെ പകുതി കോണ്‍ഫിഡന്‍സ് എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എന്നേ ജയിച്ചേനെ’, ‘ഐക്കോണിക് ഓഡിയോ ലോഞ്ചിന്റെ ഒന്നാം വാര്‍ഷികം’, ‘മാസ്റ്റര്‍പീസ് ഓഡിയോ ലോഞ്ച് ഇന്നും ആരാധകരുടെ പേടിസ്വപ്‌നമായി മാറിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം’ എന്നിങ്ങനെയാണ് ജ്ഞാനവേല്‍ രാജയുടെ വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനുകള്‍.

‘അന്ന് കിട്ടിയ പാസ് ഇപ്പോഴും കളഞ്ഞിട്ടില്ല, സക്‌സസ് സെലിബ്രേഷന്‍ നടക്കുമ്പോള്‍ പറയണം’, ‘ഈ പാസ് ഇനിയെങ്കിലും കളഞ്ഞോട്ടെ’, എന്നിങ്ങനെ പാസിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകളും വൈറലാണ്. ഓഡിയോ ലോഞ്ചിന്റെ വാര്‍ഷികത്തിന് ഇത്രയും ട്രോള്‍ ലഭിക്കുമ്പോള്‍ സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ ഇതിന്റെ ഇരട്ടി ട്രോളായിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Gnanavel Raja’s speech at Kanguva Audio launch viral after one year

We use cookies to give you the best possible experience. Learn more