ഗ്ലോബ് സോക്കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ ജേതാക്കളായ ഐറ്റാന ബോണ്‍മാറ്റിയ്ക്കും ഒസ്മാനെ ഡെംബലെയ്ക്കും പുരസ്‌കാരമുണ്ട്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ ആദരിക്കുന്ന വേദിയാണ് ഗ്ലോബ് സോക്കര്‍.
ദുബായില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഡെംബലെ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും മികച്ച മിഡില്‍ ഈസ്റ്റ് താരത്തിനുള്ള പുരസ്‌കാരമാണ് റൊണാള്‍ഡോ നേടിയത്.
പി.എസ്.ജിക്കൊപ്പം ക്വിന്റിപ്പിളും ശേഷം ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടവും നേടിയാണ് ഡെംബലെ 2025ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. കിലിയന്‍ എംബാപ്പെ, ലാമിന്‍ യമാല്‍, റഫീന്യ എന്നിവരെ പിന്തള്ളിയായിരുന്നു ഫ്രഞ്ച് ഇന്റര്‍നാഷണലിന്റെ നേട്ടം.
2025 ബാലണ്‍ ഡി ഓര്‍ ജേതാവും ഡെംബലെ തന്നെയായിരുന്നു. പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരീടം, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടിയാണ് ഡെംബലെ ക്വിന്റിപ്പിള്‍ പൂര്‍ത്തിയാക്കിയത്.
ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ പ്രവേശിച്ച് സെക്‌സറ്റപ്പിള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ഡെംബലെയ്ക്കുണ്ടായിരുന്നെങ്കിലും കലാശപ്പോരില്‍ ചെല്‍സിയോട് പരാജയപ്പെടുകയായിരുന്നു.
സ്പാനിഷ് ഇതിഹാസം ഐറ്റാന ബോണ്‍മാറ്റിയാണ് ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ബാലണ്‍ ഡി ഓര്‍ വേദിയില്‍ വീണ്ടും തന്റെ സാന്നിധ്യമറിയിച്ച ‘കാറ്റലൂണിയന്‍ രാജകുമാരി’ ഗ്ലോബ് സോക്കര്‍ വേദിയിലും ചരിത്രമെഴുതിയത്.
അല്‍ നസറില്‍ ഗോളടി തുടരവെയാണ് റൊണാള്‍ഡോയെ തേടി കരിയറിലെ മറ്റൊരു ഗ്ലോബ് സോക്കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 1,000 കരിയര്‍ ഗോള്‍ എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കാനുള്ള കുതിപ്പിനിടെയാണ് താരം മറ്റൊരു വ്യക്തിഗത നേട്ടവും തന്റെ പേരില്‍ കുറിച്ചത്.
ടെന്നീസ് ലെജന്‍ഡ് നൊവാക് ദ്യോക്കോവിച്ച് ഗ്ലോബ് സ്‌പോര്‍ട്‌സ് അവാര്‍ഡും സ്വന്തമാക്കി.
അതേസമയം, ഡെംബലെയുടെ സ്വന്തം പി.എസ്.ജിയും പുരസ്‌കാരവേദിയില്‍ തിളങ്ങി. ഏറ്റവും മികച്ച പുരുഷ ടീമന്നെ നേട്ടമാണ് പി.എസ്.ജി നേടിയത്. ടീമിനെ ചരിത്ര യു.സി.എല്‍ കിരീടമടക്കമുള്ള നേട്ടങ്ങളിലെത്തിച്ച ‘സനയുടെ അച്ഛന്‍’ ഏറ്റവും മികച്ച പരിശീലകനുമായി.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേടി, തിരിച്ചുവന്ന പോള്‍ പോഗ്ബയ്ക്കാണ് മികച്ച കംബാക്കിനുള്ള പുരസ്‌കാരം.
Content Highlight: Globe Soccer Awards 2025