ബൊഗോട്ട: ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന അന്താരാഷ്ട്ര സഹായ കപ്പലായ ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയെ ലക്ഷ്യമിട്ട് ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഇസ്രഈൽ നയതന്ത്രജ്ഞരെ പുറത്താക്കി കൊളംബിയ. വംശഹത്യയെ സഹായിക്കുന്നതിന് ട്രംപ് ജയിൽ അർഹിക്കുന്നെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
ഫ്ളോട്ടില്ലയിൽ ഉണ്ടായിരുന്ന രണ്ട് കൊളംബിയൻ ആക്ടിവിസ്റ്റുകളെ ഇസ്രഈൽ സൈന്യം കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ബൊഗോട്ടയിൽ നിന്നും മുഴുവൻ ഇസ്രഈലി നയതന്ത്ര പ്രതിനിധികളെയും പുറത്താനാനുള്ള തീരുമാനം ഗുസ്താവോ പെട്രോ അറിയിച്ചത്. ഇസ്രഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ അപലപിക്കുന്നുവെന്നും പെട്രോ പറഞ്ഞു.
കൊളംബിയൻ ആക്ടിവിസ്റ്റുകളായ മാനുവേല ബെഡോയ, ലൂണ ബാരെറ്റോ എന്നിവരെയാണ് ഇസ്രഈൽ സൈന്യം കസ്റ്റഡിയിലെടുത്തത്. ഗസയിൽ നിന്നും 70 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് സൈന്യം കപ്പൽ തടഞ്ഞതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഇസ്രാഈൽ നാവികസേനയുടെ ബോട്ടുകൾ ഒന്നിലധികം കപ്പലുകൾ തടഞ്ഞിരുന്നു. കപ്പലുകളിൽ കയറി ജീവനക്കാരെയും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.
ബെഞ്ചമിൻ നെതന്യാഹു നടത്തുന്ന ഏറ്റവും പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമാണിതെന്ന് പെട്രോ എക്‌സിൽ പറഞ്ഞു. കൊളംബിയൻ വിദേശകാര്യ മന്ത്രാലയം ഇസ്രഈൽ കോടതികളിൽ ഉൾപ്പടെ കേസുകൾ ഫയൽ ചെയ്യുമെന്നും അന്താരാഷ്ട്ര അഭിഭാഷകരോട് കൊളംബിയൻ നിയമസംഘത്തെ പിന്തുണയ്ക്കാനും പെട്രോ ആവശ്യപ്പെട്ടു.
വംശഹത്യയിൽ പങ്കാളിയായ ഡൊണാൾഡ് ട്രംപിന് ജയിൽ ശിക്ഷയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്നും യു.എസ് സൈന്യം അദ്ദേഹത്തെ അനുസരിക്കരുതെന്നും പെട്രോ പറഞ്ഞു.
വാഷിംഗ്ടണിനും ടെൽ അവീവിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) യിൽ നിയമനടപടി സ്വീകരിക്കുമെന്നും കൊളംബിയൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു
വംശഹത്യയെ അംഗീകരിക്കാത്ത രാഷ്ട്രങ്ങളുടെ ശക്തമായ ഒരു സൈന്യം വേണമെന്നും ഈ ആഗോള സൈന്യവും ആയുധങ്ങളും കൊണ്ട് പലസ്തീനെ മോചിപ്പിക്കണമെന്നും യു.എൻ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പെട്രോ പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് ഇസ്രഈൽ ഭരണകൂടത്തിന്റെ സഖ്യക്ഷിയായ അമേരിക്ക തന്റെ വിസ റദ്ദാക്കാൻ തീരുമാനിച്ചതിൽ തനിക്ക് പ്രശ്‌നമില്ലെന്നും പെട്രോ മറുപടി നൽകിയിയിരുന്നു.
2024 മെയ് മാസത്തിൽ വംശഹത്യയുടെ പശ്ചാത്തലത്തിൽ ബൊഗോട്ട ടെൽ അവീവുമായുള്ള നയതന്ത്ര ബന്ധം കൊളംബിയ നിർത്തലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നടന്ന ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ലയ്ക്ക് നേരെയുള്ള ആക്രമണത്തിൽ ബാക്കിയുള്ള ഇസ്രഈലി നയതന്ത്ര പ്രതിനിധികളെയും പുറത്താക്കാനാണ് കൊളംബിയയുടെ നീക്കം.
Content Highlight: Global Sumud Flotilla Attack; Colombia Expels Israeli Diplomats