| Sunday, 9th November 2025, 3:16 pm

ആഗോള പട്ടിണി സൂചിക; അവസാന സ്ഥാനത്ത് സൊമാലിയ, ഇന്ത്യ 102ാം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2025ലെ ആഗോള പട്ടിണി സൂചികയിൽ ഗുരുതര വിഭാഗത്തിൽ ഇന്ത്യ. 102ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വിശപ്പിന്റെ പുതിയ ആഗോള പട്ടിണി സൂചികയിൽ സൊമാലിയയാണ് ഏറ്റവും അവസാന സ്ഥാനത്ത്.

ആഭ്യന്തര സംഘർഷം, വരൾച്ച, ഭക്ഷണ ശുദ്ധജല ദൗർലഭ്യം തുടങ്ങിയവയാണ് സൊമാലിയയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉത്പാദകരായ ഇന്ത്യയും വിശപ്പിന്റെ വെല്ലുവിളികൾ നേരിടുന്നുണ്ട്. 127 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയിൽ 25.8 സ്‌കോറോടെ ഇന്ത്യ 102ാം സ്ഥാനത്താണ്.

ഇന്ത്യ ഒരു കാർഷിക ശക്തിയായിട്ടും കുട്ടികളിലെ പോഷകാഹാര കുറവ്, അസന്തുലിതമായ ഭക്ഷ്യവിതരണം, ദാരിദ്ര്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നു. അതിവേഗത്തിലുള്ള ജനസംഖ്യാവളർച്ചയും ഇന്ത്യയുടെ സ്ഥിതി സങ്കീർണമാക്കുന്നു.

ചൈന ആറാമതും ശ്രീലങ്ക 61, നേപ്പാൾ 72, ബംഗ്ലാദേശ് 85, പാകിസ്ഥാൻ 106, അഫ്‌ഗാനിസ്ഥാൻ 109 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ പട്ടിണി സൂചികയിൽ സ്ഥാനം.

ഏകദേശം 673 ദശലക്ഷം ആളുകൾ വിശപ്പുമായി ലോകത്ത് ജീവിക്കുന്നുണ്ടെന്ന് ആഗോള പട്ടിണി സൂചിക ചൂണ്ടികാണിക്കുന്നു.

ഭക്ഷ്യ ഉത്പാദനത്തിൽ പുരോഗതിയുണ്ടെങ്കിലും ഭക്ഷ്യ വിതരണത്തിൽ തുല്യത ഉറപ്പുവരുത്താൻ കഴിയുന്നില്ലെന്ന് സൂചിക സൂചിപ്പിക്കുന്നു.

ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥ വ്യതിയാനം ദുർബലമായ ഭരണം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ ഈ പ്രതിസന്ധിക്ക് കാരണമാകുന്നെന്നാണ് റിപ്പോർട്ടുകൾ.

സംഘർഷം, വരൾച്ച, കുടിയിറക്കം എന്നിവ നേരിടുന്ന രാജ്യങ്ങളും
വിശപ്പിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

മാനുഷിക സഹായ ബജറ്റുകളിലെ ഗണ്യമായ കുറവും സൈനിക ചെലവിന്റെ വർധനവും വിശപ്പിനെതിരെ പോരാടാനുള്ള ആഗോള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നെന്നും സൂചിക ചൂണ്ടികാട്ടുന്നു.

Content Highlight: Global Hunger Index; Somalia at the bottom, India at 102nd

We use cookies to give you the best possible experience. Learn more