പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതി. സംഗമം കൊണ്ട് സാധാരണ അയ്യപ്പമാര്‍ക്ക് എന്ത് ഗുണമാണ് കിട്ടുകയെന്ന് നിര്‍വാഹക സമിതി ചോദിച്ചു. യുവതി പ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണമെന്നും സമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ് വര്‍മ ആവശ്യപ്പെട്ടു. 2018ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍, പൊലീസ് കേസുകള്‍ എന്നിവ പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഇനിയൊരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കുമെതിരെ 2018ല്‍ സ്വീകരിച്ചതുപോലെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്തജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവരെ വിശ്വാസത്തില്‍ എടുത്ത് അവരുടെ അഭിപ്രായങ്ങള്‍ കൂടി സംരക്ഷിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും നിര്‍വാഹക സമിതി പറയുന്നു. രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്നും എം.ആര്‍.എസ് വര്‍മ പറഞ്ഞു.
അതേസമയം എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡിപിയുടെയും പിന്തുണ ഉറപ്പുവരുത്തിയതിന് ശേഷമാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ചത്. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്യമായി പിന്തുണ അറിയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തിയെങ്കിലും ആഗോള അയ്യപ്പ സംഗമത്തിന് തങ്ങള്‍ എതിരല്ലെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Content Highlight: Global Ayyappa Sangamam; What is the benefit for ordinary Ayyappas? Pandalam Palace