തിരുവനന്തപുരം: സെപ്റ്റംബറില്‍ പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ ഇരട്ടത്താപ്പെന്ന് ദളിത് ആക്ടിവിസ്റ്റും അക്കാദമിസ്റ്റുമായ ബിന്ദു അമ്മിണി. താന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും ബിന്ദു അമ്മിണി അറിയിച്ചു.
സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളെ സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തിയില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. തന്റെ കേസുകളില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായും അവര്‍ ആരോപിച്ചു.
‘എന്റെ കേസുകളില്‍ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്,’ അവര്‍ വ്യക്തമാക്കി. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസില്‍നിന്നും പ്രശ്‌നങ്ങളുണ്ടായതായും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
തനിക്ക് നല്‍കേണ്ടിയിരുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്, താന്‍ അപേക്ഷിച്ചതുകൊണ്ടാണ് 2024-ല്‍ നല്‍കാതിരുന്നതെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് ബിന്ദു അമ്മിണി പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം നല്‍കിയില്ലെന്നും അവര്‍ ആരോപിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യമായി നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പ സംഗമം. സെപ്റ്റംബര്‍ 16 നും 21 നും ഇടയില്‍ പമ്പയിലാണ് ഈ പരിപാടി.
ഏകദേശം 3,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംഗമത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കും.
2018-ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ച ആദ്യ രണ്ട് സ്ത്രീകളില്‍ ഒരാളായ ബിന്ദു അമ്മിണിക്ക് നേരത്തെ നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഈ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും അവഗണിച്ചുകൊണ്ടാണ്, ‘ഒരു അയ്യപ്പഭക്തയെന്ന നിലയില്‍ ഞാനും പങ്കെടുക്കും. നിങ്ങളോ?’ എന്ന പോസ്റ്റിലൂടെ അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
നൂറ്റാണ്ടുകളായി ശബരിമലയില്‍ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ഭക്തരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ 2018-ല്‍ സുപ്രീം കോടതി ഈ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
സര്‍ക്കാര്‍ ഈ വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രതിരോധങ്ങളാണ് നേരിടേണ്ടി വന്നത്. 2019-ല്‍ ഈ വിഷയം പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല, 2018-ലെ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
Content Highlight: Global Ayyappa group is Government’s double-standard: Bindu Ammini