| Wednesday, 24th September 2025, 11:12 pm

ഫലസ്തീനെ മോചിപ്പിക്കാൻ ആഗോള സൈന്യം വേണം; കൊളംബിയൻ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഫലസ്തീനെ മോചിപ്പിക്കാൻ ആഗോള സൈന്യത്തെ സൃഷ്ടിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഗസയെ പ്രതിരോധിക്കാനും അമേരിക്കയും നാറ്റോയും നടപ്പിലാക്കുന്ന ഏകാധിപത്യത്തെ ഇല്ലാതാക്കാനും ആഗോള സൈന്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വംശഹത്യയെ പ്രതികൂലിക്കുന്ന രാജ്യങ്ങൾ ചേർന്നാണ് ആഗോള സൈന്യം രൂപീകരിക്കേണ്ടതെന്ന് പെട്രോ പറഞ്ഞു. അത്തരം രാജ്യങ്ങൾ ഒത്തുചേർന്ന് ഫലസ്തീനെ മോചിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വംശഹത്യയെ അംഗീകരിക്കാത്ത രാജ്യങ്ങൾ ഫലസ്തീൻ ജനതയുടെ ജീവൻ രക്ഷിക്കണം. അതിനായ് ഒരു സായുധ സേനയെ സംഘടിപ്പിക്കണം. മനുഷ്യത്വത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിൽ ലോകത്തിലെ രാഷ്ട്രങ്ങളെയും ജനങ്ങളെയും ആയുധങ്ങളെയും സൈന്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരണം. നാം പലസ്തീനെ മോചിപ്പിക്കണം’ പെട്രോ പറഞ്ഞു.

ഇത് വെറും വാക്കുകളല്ലെന്നും പ്രവൃത്തിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രഈൽ ഗസയിലും കരീബിനിയനിലും മാത്രമല്ല സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന മുഴുവൻ മനുഷ്യരാശിയിലും ബോംബ് വെക്കുമെന്നും പെട്രോ പറഞ്ഞു.

അമേരിക്കയുടെയും നാറ്റോയുടെയും പ്രവർത്തനങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും ആഗോളതലത്തിൽ സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചു വരവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബാവോ സുബിയാന്റോ ഗസയിലേക്കുള്ള ആഗോള സൈന്യത്തിനായി 20,000 സൈനികരെ നൽകാൻ തയ്യാറാണെന്ന് പറഞ്ഞു.

ബെഞ്ചമിൻ നെതന്യാഹുവിനെ വംശഹത്യക്ക് വിചാരണ ചെയ്യണമെന്ന് ചിലിയൻ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ആവശ്യപ്പെട്ടു.

‘ഒരു മിസൈൽ വീണ് നെതന്യാഹുവും കുടുംബവും മരിക്കുന്നത് കാണാൻ താത്പര്യമില്ല. ഗസയിലെ വംശഹത്യക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്ത് ശിക്ഷിക്കാനാണ് താത്പര്യം,’ അദ്ദേഹം പറഞ്ഞു.

Content Highlight: Global army needed to liberate Palestine: Colombian president

We use cookies to give you the best possible experience. Learn more