സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കിമറിച്ച ഒന്നായിരുന്നു കഴിഞ്ഞദിവസം റെഡ് ജയന്റ് മൂവീസ് പുറത്തുവിട്ട ഗ്ലിംപ്‌സ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങളായ രജിനികാന്തും കമല്‍ ഹാസനും 48 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സിന് വന്‍ വരവേല്പാണ് ലഭിച്ചത്. നെല്‍സണ്‍ അണിയിച്ചൊരുക്കിയ ഗ്ലിംപ്‌സില്‍ തലൈവറും ഉലക നായകനും കട്ടക്ക് സ്‌കോര്‍ ചെയ്യുകയായിരുന്നു.
നെല്‍സന്റെ ട്രേഡ്മാര്‍ക്ക് ഐറ്റമായ ഡാര്‍ക്ക് ഹ്യൂമറും ഗ്ലിംപ്‌സിലുണ്ടായിരുന്നു. കമല്‍ ഹാസനും രജിനിയും തമ്മിലുള്ള രംഗങ്ങള്‍ ആരാധകര്‍ക്ക് ആവേശം സമ്മാനിച്ചു. ഇരുവരുടെയും ഇന്‍ട്രോ സീന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ രജിനിക്കും കമല്‍ ഹാസനും മുമ്പ് ഈ ഐറ്റം മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചെയ്ത് ഫലിപ്പിച്ചെന്നാണ് പുതിയ കണ്ടുപിടിത്തം.
രജിനിയുടെയും കമല്‍ ഹാസന്റെയും റൂമില്‍ ചെന്ന് നെല്‍സണ്‍ കോട്ടും വാച്ചുമെല്ലാം സെലക്ട് ചെയ്യിക്കുന്ന സീന്‍ എല്ലാവരെയും ചിരിപ്പിച്ചു. ഇതുപോലൊരു സീന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ഹരികൃഷ്ണന്‍സിലുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുപോലെയുള്ള ഡ്രസ് ധരിച്ച് വരുന്നതും അത്ഭുതത്തോടെ പരസ്പരം നോക്കുകയും ചെയ്യുന്ന സീനും രജിനി കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സിലെ സീനും തമ്മില്‍ സാമ്യതയുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തം.
ഗ്ലിംപ്‌സില്‍ ഇരുവര്‍ക്കും വേണ്ടി അനിരുദ്ധ് ഒരുക്കിയ ബി.ജി.എം മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്‍കിയ വീഡിയോ ഇതിനോടകം വൈറലായി. ഗ്ലിംപ്‌സില്‍ രജിനി കമല്‍ ഹാസന് കാറിന്റെ താക്കോല്‍ കൊടുക്കുന്നതുപോലെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാല്‍ മമ്മൂട്ടിക്കും താക്കോല്‍ കൊടുക്കുന്നുണ്ട്. ബിഗ് എംസിനെ സൂപ്പര്‍സ്റ്റാറും ഉലകനായകനും കോപ്പിയടിച്ചതാണോ എന്നാണ് പലരും ചോദിക്കുന്നത്.
ഹരികൃഷ്ണന്‍സ് Photo: Screen Grab/ Fix Chill movies
രണ്ട് പ്രൊജക്ടുകളും തമ്മില്‍ മറ്റൊരു സാമ്യതയുണ്ടെന്നും ചിലര്‍ കണ്ടെത്തി. രജിനി- കമല്‍ റീയൂണിയന്‍ പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് മേനോനാണ്. ഹരികൃഷ്ണന്‍സില്‍ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജീവ് മേനോനായിരുന്നു. മണിരത്‌നത്തിന്റെ സഹായിയായി കരിയര്‍ ആരംഭിച്ച രാജീവ് മേനോന്‍ ബോംബൈ, റോജ എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മിന്‍സാരക്കനവ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.
രജിനി- കമല്‍ റീയൂണിയന്‍ ഗ്ലിംപ്‌സ് റിലീസായതിന് പിന്നാലെ മോളിവുഡിന് ഇത്തരമൊരു പ്രൊജക്ട് ഇല്ലല്ലോ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഷൂട്ട് തുടങ്ങാത്ത രജിനി- കമല്‍ പ്രൊജക്ടിന് ഇപ്പോഴേ കൊടുക്കുന്ന പ്രൊമോഷന്‍ പേട്രിയറ്റിന്റെ നിര്‍മാതാവ് കണ്ടുപഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Glimpse of Rajni Kamal reunion has similarities with Harikrishnans movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ