| Saturday, 3rd October 2026, 8:45 am

‘ജസ്റ്റിനല്ല, ഞങ്ങളുടെ ഹീറോ ഗ്ലിക്സണാണ് ’; ‘ജസ്റ്റിസ് ഫോർ ഗ്ലിക്സൺ’- സോഷ്യൽ മീഡിയയിൽ ഗ്ലിക്സൺ തരംഗം

അജ്മല്‍ കെ

മലയാള സിനിമയിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി കൊണ്ട് ഒരു ബെഞ്ച് മാർക്ക് സൃഷ്ട്ടിച്ച സിനിമയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. തിയേറ്ററുകളിൽ ഹിറ്റായ സിനിമയിതാ ഇപ്പോ ഒ.ടി.ടിയിൽ ഇറങ്ങിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലെത്തിയതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്.

തിയേറ്ററിൽ കണ്ടപ്പോൾ ചിരിപ്പിച്ച പല രംഗങ്ങളുടെയും പിന്നിലെ ഡീറ്റെയിൽസ് വരെ ഇപ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. അതിനിടയിൽ സിനിമയിലെ റോഷൻ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്സൺ എന്ന കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.

നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിനും മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രധാന കഥ എന്നുപറയുന്നത്. അതിനിടയിൽ ആഷ്‌ലിയുടെ പിന്നാലെ നടക്കുന്ന, പ്രണയം തുറന്നുപറയുന്ന ഗ്ലിക്സൺ തിയേറ്ററിൽ വലിയ ചിരിയുണർത്തിയ കഥാപാത്രമായിരുന്നു. എന്നാൽ ഒടിടിയിലെത്തിയതോടെ ഗ്ലിക്സണെ മറ്റൊരു കണ്ണിലൂടെ കാണുകയാണ് ഒരു വിഭാഗം പ്രേക്ഷകർ.

ഗ്ലിക്സൺ ആഷ്‌ലിയെ വെറുതെ പിന്നാലെ നടക്കുന്ന ഒരു ‘കോഴി’ മാത്രമല്ലെന്നും, അയാൾക്ക് അവളോട് ആത്മാർഥമായ പ്രണയമായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ആഷ്‌ലിയോടുള്ള ഇഷ്ടത്തിന്റെ പേരിലാണ് അവളുടെ പിന്നാലെ നടക്കുന്നതും സിനിമയ്ക്ക് വരാൻ പറയുന്നതും മൈസൂർപാക്ക് വാങ്ങിക്കൊടുക്കുന്നതുമെല്ലാം എന്നാണ് പലരുടെയും വിലയിരുത്തൽ. അതുകൊണ്ടുതന്നെ ‘ഞങ്ങളൊക്കെ ഗ്ലിക്സന്റെ ആൾക്കാരാണ്’, ‘ഗ്ലിക്സൺ ആണ് ഹീറോ’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഇപ്പോൾ വ്യാപകമാണ്.

ഗ്ലിക്സൺ മൈസൂർപാക്ക് വാങ്ങി അനിയന്റെ കയ്യിൽ കൊടുക്കുന്ന രംഗവും ബസിൽ നിന്ന് ഇറങ്ങിവരുമ്പോൾ ഗ്ലിക്സണെ കളിയാക്കുന്ന രംഗവുമെല്ലാം സാഡ് ബിജിഎം ചേർത്ത് റീലുകളായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ‘ജസ്റ്റിസ് ഫോർ ഗ്ലിക്സൺ’ എന്ന ക്യാപ്ഷനോടെയും നിരവധി പോസ്റ്റുകളും റീലുകളും എത്തുന്നു. ‘നിങ്ങൾ ആ പാവത്തിനെ കോമാളിയാക്കി, എന്നാൽ അവളോടുള്ള അവന്റെ സ്നേഹവും പ്രണയവും തികച്ചും പരിശുദ്ധമായിരുന്നു’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഇതോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.

തിയേറ്ററിൽ ചിരിപ്പിച്ച ഗ്ലിക്സണെ ഒടിടിയിലെത്തിയപ്പോൾ പ്രേക്ഷകർ കുറച്ചുകൂടി ഡീറ്റെയിൽഡായി വായിച്ചെടുക്കുകയാണ്. സിനിമയിലെ കോമഡി ട്രാക്കിനപ്പുറം ഗ്ലിക്സന്റെ പ്രണയത്തിലെ ആത്മാർഥതയും അയാളുടെ അവസ്ഥയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അങ്ങനെ ജസ്റ്റിനും ആഷ്‌ലിയും കേന്ദ്രകഥാപാത്രങ്ങളായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിൽ’, സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഇപ്പോൾ ഗ്ലിക്സണാണ് താരമാകുന്നത്.

Content Highlight: Glikson’s character goes viral on social media after ‘Bethlehem Kudumba Unit’ arrives on OTT

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more