കരിബീയിന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സ്. ഇന്ന് നടന്ന ട്രിംബാഗോ നൈറ്റ് റൈേേഡ്‌സ് – ഗയാന ആമസോണ്‍ വാറിയേഴ്‌സ് മത്സരത്തിലാണ് ഫിലിപ്‌സ് തന്റെ പതിവുശൈലിയില്‍ ആരാധകരെ അമ്പരപ്പിച്ചത്.
നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയ്‌നെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
നൈറ്റ് റൈഡേഴ്‌സ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് നരെയ്ന്‍ പുറത്താകുന്നത്. ഡ്വെയ്ന്‍ പ്രിസ്റ്റോറിയസിനെ സിക്‌സറിന് പറത്താനുള്ള നരെയ്‌ന്റെ ശ്രമമാണ് ഫിലിപ്‌സിന്റെ കയ്യിലൊതുങ്ങിയത്.
ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ അതിര്‍ത്തി കടത്താനായിരുന്നു നരെയ്ന്റ് ശ്രമം. എന്നാല്‍ അവിടേയ്ക്ക് ഓടിയെത്തി പൊസിഷന്‍ ചെയ്ത ഫിലിപ്‌സ് തന്റെ ഇടംകൈ നീട്ടുകയും പന്ത് കൈപ്പിടിയിലൊതുക്കുകയുമായിരുന്നു.
വാട്ട് എ ക്യാച്ച് എന്നാണ് ഈ കാഴ്ച കണ്ട കമന്റേറ്റര്‍ ഉറക്കെ വിളിച്ചുപറഞ്ഞത്. ക്യാച്ചെടുത്ത ശേഷം സ്വയം അത്ഭുതം കൂറിയ ഫിലിപ്‌സിന്റെ സെലിബ്രേഷനും രസകരമായിരുന്നു.
ആ ക്യാച്ചിന്റെ വീഡിയോ കാണാം:
ഇത് ക്യാച്ച് ഓഫ് ദി ടൂര്‍ണമെന്റ് ആകാന്‍ സാധ്യതയേറെയെന്നാണ് ആരാധകരുടെ വാദം.
അതേസമയം, മത്സരത്തില്‍ ആമസോണ്‍ വാറിയേഴ്‌സ് വിജയിച്ചിരുന്നു. മോശം കാലാവസ്ഥ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമത്തിലൂടെ ഒമ്പത് റണ്‍സിനാണ് വാറിയേഴ്‌സ് വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്‌സിനെ പൂജ്യത്തിന് നഷ്ടമായിരുന്നു. മാത്യു നന്ദു 21 പന്തില്‍ 13 റണ്‍സും ഷായ് ഹോപ്പ് 11 പന്തില്‍ 16 റണ്‍സിനും വീണതോടെ വാറിയേഴ്‌സ് പരുങ്ങലിലായി.
എന്നാല്‍ നാലാം നമ്പറിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് ഹെറ്റി ഉറച്ചുനിന്നു.
43 പന്തില്‍ പുറത്താകാതെ 111 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒമ്പത് സിക്‌സറും എട്ട് ഫോറും അടക്കം 258.14 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
ഒടുവില്‍ വാറിയേഴ്‌സ് 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് നരെയ്‌നെ തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ഇംഗ്ലണ്ട് സൂപ്പര്‍ താരം അലക്‌സ് ഹെയ്ല്‍സും ചെറുത്തുനിന്നു. പൂരന്‍ 16 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 54 റണ്‍സാണ് ഹെയ്ല്‍സ് സ്വന്തമാക്കിയത്.
പിന്നാലെയെത്തിയവര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും 182 റണ്‍സിന്റെ വിജയലക്ഷ്യം (ഡി.എല്‍.എസ് നിയമപ്രകാരം) പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം 172/7 എന്ന നിലയില്‍ അവസാനിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് വാറിയേഴ്‌സ് നിരയില്‍ പന്തുകൊണ്ട് തിളങ്ങിയത്.
കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ച വാറിയേഴ്‌സ് എട്ട് പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഒമ്പത് പോയിന്റുള്ള ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് ഫാല്‍ക്കണ്‍സാണ് ഒന്നാമത്.
സെപ്റ്റംബര്‍ അഞ്ചിനാണ് വാറിയേഴ്‌സിന്റെ അടുത്ത മത്സരം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജമൈക്ക കിങ്‌സ്‌മെന്നാണ് എതിരാളികള്‍.
Content Highlight: Glenn Philips’ brilliant catch in CPL