| Saturday, 16th August 2025, 10:09 pm

മാക്‌സ്‌വെല്‍ മാഡ്‌നെസ്സ്! തോല്‍വിയില്‍ നിന്നും ജയത്തിലേക്ക്; കനല്‍ കെട്ടിട്ടില്ല, ആളിക്കത്തി ചരിത്ര നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഓസീസ് സ്വന്തമാക്കിയത്.

കസാലിസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഒരുവേള തോല്‍വി മുമ്പില്‍ കണ്ട ശേഷം ഒരു പന്ത് ബാക്കി നില്‍ക്കവെ ഓസീസ് വിജയിച്ചുകയറുകായിരുന്നു.

പ്രോട്ടിയാസ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ ആതിഥേയര്‍ മറികടക്കുകയായിരുന്നു.

മാക്‌സി 36 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം പുറത്താകാതെ 62 റണ്‍സ് നേടി. 172.22 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 37 പന്തില്‍ 54 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. അഞ്ച് ഫോറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ മാക്‌സ്‌വെല്ലിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. ഇതോടെ ഒരു ചരിത്ര നേട്ടത്തിലും സൂപ്പര്‍ താരമെത്തി. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് നേടുന്ന താരമെന്ന നേട്ടമാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്.

ഇത് 12ാം തവണയാണ് കുട്ടിക്രിക്കറ്റില്‍ മാകസ്‌വെല്‍ ഓസീസിനായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്നത്. 12 തവണ ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണറിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് മാക്‌സ്‌വെല്‍.

ഡേവിഡ് വാര്‍ണര്‍

ടി-20യില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരം

(താരം – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 12*

ഡേവിഡ് വാര്‍ണര്‍ – 12

ഷെയ്ന്‍ വാട്‌സണ്‍ – 9

ആദം സാംപ – 8

ആരോണ്‍ ഫിഞ്ച് – 8

പ്രോട്ടിയാസ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മാര്‍ഷിന് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ ഓസ്‌ട്രേലിയ സമ്മര്‍ദത്തിലേക്ക് വീണു.

മിഡില്‍ ഓര്‍ഡറില്‍ മാക്‌സ്‌വെല്ലിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ഒപ്പമുള്ളവര്‍ കാലിടറി വീണപ്പോള്‍ മാക്‌സി ചെറുത്തുനിന്നു.

18 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 എന്ന നിലയിലായിരുന്നു ഓസീസ്. നാല് വിക്കറ്റ് കയ്യിലിരിക്കവെ 12 പന്തില്‍ 12 റണ്‍സ് നേടിയാല്‍ ജയിക്കാം എന്ന സാഹചര്യം.

എന്നാല്‍ കോര്‍ബിന്‍ ബോഷ് എറിഞ്ഞ 19ാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡിലെത്തിയത്, അതും ലെഗ് ബൈസിന്റെ രൂപത്തില്‍. രണ്ട് താരങ്ങള്‍ പുറത്താവുകയും ചെയ്തു.

അവസാന ഓവറില്‍ വിജയിക്കാന്‍ പത്ത് റണ്‍സാണ് ആതിഥേയര്‍ക്ക് വേണ്ടിയിരുന്നത്. ലുങ്കി എന്‍ഗിഡിയെറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തിയ മാക്‌സ്‌വെല്‍, രണ്ടാം പന്തില്‍ ഫോറുമടിച്ചു.

അടുത്ത റണ്ട് പന്തും ഡോട്ടാക്കി എന്‍ഗിഡി മത്സരം കൂടുതല്‍ ആവേശത്തിലാക്കി. എന്നാല്‍ അഞ്ചാം പന്തില്‍ താരമെറിഞ്ഞ ഹൈ ഫുള്‍ ടോസില്‍ സ്വിച്ച് ഹിറ്റ് കളിച്ച മാക്‌സ്‌വെല്‍ വിജയവും പരമ്പരയും കങ്കാരുക്കള്‍ക്ക് സമ്മാനിച്ചു.

Content Highlight: Glenn Maxwell tops the list of most Player Of The Match award for Australia in T20Is

We use cookies to give you the best possible experience. Learn more