| Friday, 4th September 2026, 11:22 am

അദ്ദേഹം ഞങ്ങള്‍ക്കെതിരെ കളിച്ച ഇന്നിങ്സുകള്‍ വിശ്വസിക്കാന്‍ സാധിക്കാത്തതാണ്: മാക്‌സ്‌വെൽ

സുദേവ് എ

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെൽ. ഏകദിന ക്രിക്കറ്റില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരമാണ് വിരാടെന്നാണ് മാക്‌സ്‌വെൽ പറഞ്ഞത്. ഓസ്ട്രേലിയക്കെതിരെ കോഹ്‌ലി കളിച്ച ഇന്നിങ്സുകള്‍ വിശ്വസിക്കാന്‍ സാധിക്കാത്തത് ആയിരുന്നുവെന്നും ഓസീസ് ഓള്‍ റൗണ്ടര്‍ പറഞ്ഞു. കെ.ഐ.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാക്‌സ്‌വെൽ.

‘ഏകദിന ക്രിക്കറ്റില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്‌ലി. ഞങ്ങള്‍ക്കെതിരെ അദ്ദേഹം കളിച്ച ചില ഇന്നിങ്സുകള്‍ വിശ്വസിക്കാന്‍ സാധിക്കാത്തത് ആയിരുന്നു. ഫീല്‍ഡിന്റെ ഏത് ഭാഗങ്ങളിലേക്കും പന്ത് അടിക്കാന്‍ അദ്ദേഹത്തിന് കഴിയും, വിരാട് മറ്റൊരു ലെവലില്‍ നില്‍ക്കുന്ന താരമാണ്,’ ഗ്ലെന്‍ മാക്‌സ്‌വെൽ പറഞ്ഞു.

ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി കോഹ്‌ലിയുടെ മുന്നിലുള്ളത്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ആയിരുന്നു വിരാട് അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഈ പരമ്പരയില്‍ മിന്നും പ്രകടനമാണ് നടത്തിയത്. ഈ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

ഇനി വിരാട് ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങുക വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലാണ്. സെപ്റ്റംബര്‍ 27നാണ് ഈ പരമ്പരക്ക് തുടക്കമാവുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പര ഇന്ത്യ കളിക്കും. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ പോരാട്ടം സെപ്റ്റംബര്‍ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക.

Content Highlight: Glenn Maxwell praises Indian legend Virat Kohli

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more