| Monday, 2nd June 2025, 6:06 pm

ഏകദിന ക്രിക്കറ്റിന് ഇന്ന് നഷ്ടപ്പെട്ടത് രണ്ട് മാണിക്യങ്ങളെ; ഒ.ഡി.ഐയിലെ 'ടി-20യും' ഇല്ലാതാകുന്നു!

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ കരുത്തന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും പ്രോട്ടിയാസ് വെടിക്കെട്ട് വീരന്‍ ഹെന്‌റിക് ക്ലാസനും ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനിയുമേറെ ക്രിക്കറ്റ് ബാക്കി നിര്‍ത്തിയാണ് ഇരുവരും 50 ഓവര്‍ ഫോര്‍മാറ്റിനോട് വിടപറഞ്ഞത്.

ഇത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും എക്കാലവും താന്‍ സൗത്ത് ആഫ്രിക്കന്‍ ടീമിനെ പിന്തുണയ്ക്കുമെന്നും ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഫൈനല്‍ വേര്‍ഡ് പോഡ്കാസ്റ്റിലൂടെയാണ് മാക്‌സി താന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ അടുത്ത ടി-20 ലോകകപ്പ് വരെ ടി-20 ഫോര്‍മാറ്റില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദിനത്തില്‍ ടി-20 കളിക്കുന്ന രണ്ട് താരങ്ങളുടെ അപ്രതീക്ഷിത വിരമിക്കല്‍ ആരാധകരെയും നിരാശയിലേക്ക് തള്ളി വിട്ടിട്ടുണ്ട്.

ഏകദിനത്തില്‍ ടി-20 കളിക്കുന്നവര്‍ എന്ന് കേവലം ആലങ്കാരികതയുടെ ഭാഗമായി പറയുന്നതല്ല, മറിച്ച് ഇവരുടെ എക്‌സ്‌പ്ലോസീവ് ബാറ്റിങ് ശൈലിയും കണക്കുകളും ഇത് അടിവരയിടുന്നതാണ്. ഏകദിനത്തില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളാണ് ഇരുവരും.

ഏകദിനത്തില്‍ ചുരുങ്ങിയത് 2000 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരമാണ് മാക്‌സ്‌വെല്‍, ക്ലാസനാകട്ടെ രണ്ടാമനും.

ഏകദിനത്തില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മാക്‌സ് വെല്‍ – 136 – – 3990 – 126.22

ഹെന്‌റിക് ക്ലാസന്‍ – 56 – 2141 – 111.05

ഷാഹിദ് അഫ്രിദി – 369 – 8064 – 117.00

ജോസ് ബട്‌ലര്‍ – 162 – 5233 – 115.13

തിസര പെരേര – 133 – 2338 – 112.08

ജേസണ്‍ റോയ് – 110 – 4271 – 105.33

ട്രാവിസ് ഹെഡ് – 70 – 2767 – 104.89

വിരേന്ദര്‍ സേവാഗ് – 245 – 8273 – 104.33

ഡേവിഡ് മില്ലര്‍ – 154 – 4611 – 103.68

ജോണി ബെയര്‍സ്‌റ്റോ – 98 – 3868 – 102.92

എ.ബി. ഡി വില്ലിയേഴ്‌സ് – 218 – 9577 – 101.09

ശ്രേയസ് അയ്യര്‍ – 65 – 2845 – 100.00

(ചുരുങ്ങിയത് 2000 റണ്‍സ്)

2012ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് മാക്‌സ്‌വെല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഏകദിന ലോകകപ്പില്‍ ഇതേ അഫ്ഗാനിസ്ഥാനെതിരെയാണ് മാക്‌സ്‌വെല്ലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം പിറന്നത് എന്നതും ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയ ആറാം ലോകകപ്പിലേക്ക് നടന്നടുത്തതും മാക്‌സ്‌വെല്ലിന്റെ ഈ ഇന്നിങ്‌സിലുടെയാണ്.

കരിയറിലെ 136 ഏകദിനത്തില്‍ 33.81 ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്തത്. നാല് സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും താരം 50 ഓവര്‍ ഫോര്‍മാറ്റില്‍ മാക്‌സ് നേടിയിട്ടുണ്ട്.

2018ലാണ് ക്ലാസന്‍ ഏകദിനത്തില്‍ അരങ്ങേറുന്നത്. ഇന്ത്യയായിരുന്നു ആദ്യ എതിരാളികള്‍. ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍ തുടക്കം പാളിയെങ്കിലും ഏകദിനത്തില്‍ മികച്ച ഒരു കരിയര്‍ തന്നെ പടുത്തുയര്‍ത്താന്‍ ക്ലാസന് സാധിച്ചിരുന്നു.

43.69 ശരാശരിയിലാണ് ക്ലാസന്‍ ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഈ ഫോര്‍മാറ്റില്‍ താരം തന്റെ പേരില്‍ കുറിച്ചു.

Content highlight: Glenn Maxwell and Henrich Klaasen has the best strike rate in ODIs

We use cookies to give you the best possible experience. Learn more