| Tuesday, 4th August 2020, 5:36 pm

'ഇനിയും അഭിനയിക്കാത്തതില്‍ സന്തോഷം, നാണിക്കേണ്ട, എന്തിനാണ് പൊള്ളയായ സംസാരം'; പ്രിയങ്ക ഗാന്ധിയോട് ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമ ക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച് നടക്കുന്ന ഭൂമിപൂജയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ ട്വീറ്റിന് പ്രതികരണവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദീന്‍ ഒവൈസി.

ഇനിയും നാട്യം തുടരാത്തതില്‍ സന്തോഷമുണ്ടെന്നും ബാബറി മസ്ജിദ് തകര്‍ച്ചയില്‍ നല്‍കിയ സംഭാവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിമാനിക്കാമെന്നുമാണ് ഒവൈസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ അവര്‍ ഇനിയും അഭിനയിക്കാത്തതില്‍ സന്തോഷം. തീവ്ര ഹിന്ദുത്വ നിലപാടുകളെ അവര്‍ക്ക് സ്വീകരിക്കണമെങ്കില്‍ കുഴപ്പമില്ല. പക്ഷെ എന്തിനാണ് സാഹോദര്യത്തെക്കുറിച്ചുള്ള പൊള്ളയായ സംസാരം? നാണിക്കേണ്ട, ബാബറി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ അഭിമാനിക്കുക,’ ഒവൈസി ട്വീറ്റ് ചെയ്തു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്’, പ്രിയങ്ക പറഞ്ഞു.

ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ട്വീറ്റില്‍ ജയ് ശ്രീരാം എന്നും പ്രിയങ്ക എഴുതിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more