| Saturday, 19th July 2025, 9:09 am

വിവാഹമോചന ശേഷം മകളെ അച്ഛനൊപ്പം വിട്ടതുകൊണ്ട് മോശം അമ്മയെന്ന് അര്‍ത്ഥമില്ല: ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവാഹമോചന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ഭര്‍ത്താവിനോടൊപ്പം അയച്ചെന്ന് കരുതി അമ്മ കുട്ടിയെ ഉപേക്ഷിച്ചു എന്ന് അര്‍ത്ഥമില്ലെന്ന് ബോംബെ ഹൈക്കോടതി. കുട്ടിയുടെ രക്ഷിതാവ് എന്ന നിലയില്‍ അമ്മയുടെ കൂടെ വിടുന്നത് കുട്ടിയുടെ ക്ഷേമത്തിന് ഹാനികരമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കില്‍, അമ്മയുടെ സംരക്ഷണാവകാശം നിയമപരമായ അവകാശമാണെന്ന് ജസ്റ്റിസ് എസ്.ജി. ചാപല്‍ഗാവ്കര്‍ പറഞ്ഞു.

കുട്ടിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ടുകൊണ്ട് മുഖേദ് സ്വദേശിയായ യുവതി സമര്‍പ്പിച്ച ഹരജിയിന്‍ മേലാണ് കോടതിയുടെ നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് അമ്മയ്ക്ക് മകളുടെ ഇടക്കാല സംരക്ഷണം അനുവദിച്ചു. മുമ്പ് കീഴ്ക്കോടതി നിരസിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

2018ല്‍ ആയിരുന്നു ഹരജിക്കാരിയും പങ്കാളിയും തമ്മിലുള്ള വിവാഹമോചനം. ആ സമയത്ത് കുട്ടിയുടെ സംരക്ഷണം പിതാവിന് നല്‍കുകയായിരുന്നു. പിതാവിന്റെ മാതാവാണ് കുട്ടിയെ വളര്‍ത്തിയിരുന്നത്. 2025 ജനുവരിയില്‍ കുട്ടിയുടെ പിതാവ് മരണപെട്ടു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് അമ്മ മുഖേദിലെ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതി അപേക്ഷ തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ സംരക്ഷണത്തിനായി കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും അപേക്ഷ സമര്‍പ്പിച്ചു. കുട്ടി തങ്ങളുമായി നന്നായി അടുത്തെന്നും കസ്റ്റഡി മാറ്റുന്നത് അവളുടെ ക്ഷേമത്തെ ബാധിക്കുമെന്നും അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ യു.ബി. ബിലോലിക്കര്‍ വാദിച്ചു. വിവാഹമോചനത്തിന് ശേഷം അമ്മ കുട്ടിയെ ഉപേക്ഷിച്ചുവെന്നും അവര്‍ ആരോപിച്ചു.

വിവാഹമോചനസമയത്ത് വരുമാനം ഇല്ലാത്തതിനാലാണ് മാതാവ് കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെടാത്തതെന്നും എന്നാല്‍ ഇപ്പോള്‍ ബിസിനസിലൂടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയായെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയെ പിതാവിന്റെ കൂടെ വിടുന്നത് ഉപേക്ഷിക്കലിന് തുല്യമല്ലെന്നും അത് അവരെയൊരു മോശം അമ്മയാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

കുട്ടിയെ പരിപാലിക്കുന്നതില്‍ മുത്തശ്ശനും മുത്തശ്ശിക്കും പങ്കുണ്ടെന്നും എന്നാല്‍ അമ്മയുടെ സ്ഥാനം പകരം വെക്കാനില്ലാത്തതാണെന്നും ജസ്റ്റിസ് എസ്.ജി. ചാപല്‍ഗാവ്കര്‍ പറഞ്ഞു. കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയുമായുള്ള വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്നതിനായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കുട്ടി അവരോടൊപ്പം സമയം ചിലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി അമ്മയോട് നിര്‍ദേശിച്ചു.

Content Highlight: Giving up custody after divorce does not mean the mother has abandoned the child

We use cookies to give you the best possible experience. Learn more