തിരുവനന്തപുരം: പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന ദുര്‍മോഹം ആര്‍ക്കും വേണ്ട അങ്ങനെ കരുതുന്നവരോട് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിക്കിടെ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുറ്റം ആരോപിക്കണമെങ്കില്‍ അതിന്റെ വസ്തുത കാണിക്കണം, മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ എന്ത് വഴിവിട്ട ആനുകൂല്യമാണ് നല്‍കിയത് ഇതിന്റെ രേഖ ഇ.ഡി വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.
‘വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും പിന്‍പും പലതരത്തില്‍ കടന്നാക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ ഞാന്‍ എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല, എന്നും ഞാന്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന് നേരെയുള്ളതാണ് എന്ന തിരിച്ചറിവാണ് എനിക്കുണ്ടായിരുന്നത്.
ആ ഒരു തിരിച്ചറിവോടെയാണ് അതിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറായത് എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമണങ്ങള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കടന്നാക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
പലരും ഞങ്ങളുടെ പ്രസ്ഥാനത്തെ തളര്‍ത്താനും തകര്‍ക്കാനും ആകുമോ എന്നാണ് ശ്രമിച്ചിരുന്നത് പക്ഷേ തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതും ചരിത്രത്തിന്റെ ഭാഗമായുള്ള കാര്യങ്ങളാണെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.
‘ഇവിടെ ഈ ചരിത്ര പശ്ചാത്തലത്തില്‍ ഓര്‍മിപ്പിക്കാനുള്ള കാര്യം ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്തു കളിയാമെന്ന് ഉള്ള ദുര്‍മോഹം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരോട് സഹതാപം രേഖപ്പെടുത്തല്‍ മാത്രമേ ഇപ്പോള്‍ ചെയ്യാന്‍ പറ്റൂ…
സാധാരണഗതിയില്‍ ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ട്തന്നെ പ്രസ്ഥാനം മുന്നോട്ടു പോകും. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം 2016ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ആ ഘട്ടത്തില്‍ തന്നെ ആ ഗവണ്‍മെന്റിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.
സ്വാഭാവികമായും ആ ഗവണ്‍മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലക്ക് എനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ ഒന്ന് പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ആ ഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നത് എന്നത് ഓര്‍മയില്‍ വരും,’ അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചുനിന്ന മഹാമാരിയില്‍ തളരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ട സമയത്ത് അതിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായതായും. ഡാറ്റാ ചോര്‍ത്തല്‍ ആരോപണവും ബിരിയാണി ചെമ്പിലെ സ്വര്‍ണം കടത്തല്‍ ആരോപണവും അതെല്ലാം എത്ര ഹീനമാണെന്ന് വ്യക്തമാക്കുന്നതാണെന്നും പിണറായി പറഞ്ഞു.
‘നിലവിലെ ആരോപണത്തില്‍ വിശദീകരിക്കാന്‍ തയ്യാറല്ല. ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ല. ജനങ്ങള്‍ അതെല്ലാം ചവിട്ടികൂട്ടി ചവറ്റുകൂട്ടയില്‍ ഇട്ടു. അങ്ങനെയാണ് 2021ല്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ജനങ്ങള്‍ സമ്മാനിച്ചത്.
അതോട് കൂടി ആക്രമണത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എല്‍.ഡി.എഫിനേയും സി.പി.ഐ.എ.മ്മിനെയും തീര്‍ത്തുകളയാമെന്ന നിലയില്‍ സംഘടിത ആക്രമണം ഉണ്ടായി. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കൈകോര്‍ത്തു’, പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Give up the dream of destroying us; aggressive attacks are nothing new: Pinarayi on the ED.