| Tuesday, 19th December 2023, 12:11 pm

അവര്‍ രണ്ടും കല്‍പ്പിച്ചാണ്; ഈ പോക്കാണെങ്കില്‍ സ്പെയിനില്‍ റയലും ബാഴ്സയും വീഴും

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ ജിറോണ എഫ്.സി വിജയകുതിപ്പ് തുടരുന്നു. അലാവസിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജിറോണയുടെ വിജയം. ജയത്തോടെ സ്വപ്നതുല്യമായ മുന്നേറ്റമാണ് ജിറോണ കാഴ്ചവെക്കുന്നത്.

ജിറോണയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡി മോണ്ടിലിവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 3-4-3 എന്ന ശൈലിയാണ് അലാവസ് അണിനിരന്നത്.

ജിറോണക്കായി ഡോവ്‌ബൈക്ക് ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ 23ാം മിനിട്ടില്‍ ആയിരുന്നു ഡോവ്‌ബൈക്ക് ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ 42ാം മിനിട്ടില്‍ പോര്‍ട്രൂവിലൂടെ ജിറോണ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ജിറോണ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഡോവ്‌ബൈക്ക് മത്സരത്തില്‍ തന്റെ രണ്ടാം ഗോളും ജിറോണയുടെ മൂന്നാം ഗോളും നേടി.

മറുപടി ഗോളിനായി അലാവസ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോയത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം ജിറോണ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ലാ ലിഗയില്‍ 17 മത്സരങ്ങളില്‍ നിന്നും 14 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 44 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജിറോണ എഫ്.സി.

ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും 42 പോയിന്റുമായി രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡ് ആണ്. 35 പോയിന്റോടെ ബാഴ്സയാണ് മൂന്നാമത്. സ്പാനിഷ് ലീഗില്‍ ഡിസംബര്‍ 21ന് റയല്‍ ബെറ്റിസിനെതിരെയാണ് ജിറോണയുടെ അടുത്ത മത്സരം.

Content Highlight: Girona fc continues winning steak in LA Liga.

Latest Stories

We use cookies to give you the best possible experience. Learn more