| Saturday, 13th September 2025, 9:56 pm

വിവാഹം അഡ്‌ജസ്റ്റ്‌മെൻ്റാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് പെൺകുട്ടികളെ; കല്യാണം എനിക്ക് പറ്റുമെന്ന് തോന്നിയിട്ടില്ല: ഐശ്വര്യ ല​ക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികൾക്ക് ഏറെ പരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള (2017) എന്ന സിനിമയിലൂടെയാണ് ഐശ്വര്യ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായ നടി ഇന്ന് തമിഴ് സിനിമകളിലും സജീവമാണ്.

പൊന്നിയിൻ സെൽവൻ, ഗാട്ട ഗുസ്തി ഉൾപ്പെടെയുള്ള തമിഴ് സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിരുന്നു. തനിക്ക് കല്യാണത്തോട് താത്പര്യമില്ലെന്ന് ഐശ്വര്യ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘ഏത് വിവാഹബന്ധത്തിലായാലും ഒരാളുടെ വളർച്ച നിശബ്ദമായെങ്കിലും ബാധിക്കപ്പെടുന്നുണ്ട്. പത്തുശതമാനം ആണുങ്ങൾ പങ്കാളിയുടെ വളർച്ചയ്ക്കൊപ്പം നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. പക്ഷേ, വിവാഹം അഡ്‌ജസ്റ്റ്‌മെൻ്റാണ് എന്ന് എല്ലാവരും പറഞ്ഞ് പഠിപ്പിക്കുന്നതു പെൺകുട്ടികളെയാണ്. എന്നോട് റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഒരുപാടു പെൺകുട്ടികൾ പറയുന്നു. ഒറ്റയ്ക്കല്ല എന്നൊരു ഫീലാണ് അപ്പോൾ കിട്ടുന്നത്. ഒറ്റയ്ക്കാകുമ്പോഴാണല്ലോ ഇതൊരു ഭാരമാകുക,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

എന്തിനാണ് ഇങ്ങനെ കഷ്‌ടപ്പെടുന്നത് എന്ന് അമ്മമാരോട് ഒരിക്കലെങ്കിലും ചോദിച്ചിട്ടില്ലാത്ത പെൺമക്കൾ കുറവായിരിക്കുമെന്നും തന്റെ അമ്മയോട് താൻ ചോദിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. ഇതൊക്കെ മനസ്സിലാക്കുന്ന നമ്മളെന്തിനാണ് പറ്റാത്ത ഭാരമെടുത്ത് തോളിൽ വയ്ക്കുന്നതെന്നും ഇതൊക്കെ അനുഭവിച്ച അമ്മമാരെന്തിനാണ് പെൺമക്കളോട് ‘കല്യാണം കഴിക്കൂ’ എന്ന് പറയുന്നതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

സ്വയം മനസിലാക്കിയിടത്തോളം പ്രണയവും കല്യാണവും തനിക്ക് പറ്റുമെന്ന് തോന്നിയിട്ടില്ലെന്നും എന്നാൽ തനിക്ക് മറ്റുള്ളവരുടെ കല്യാണം കൂടാൻ ഇഷ്ടമാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. തന്റെ തീരുമാനങ്ങൾ തന്റേത് മാത്രമാണെന്നും അത് മറ്റൊരാളേയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. നമ്മുടെ ഇഷ്ടങ്ങൾ മറ്റൊരാൾക്കുവേണ്ടി മാറ്റിവച്ചിട്ട് ജീവിക്കേണ്ട കാര്യമുണ്ടോയെന്നും ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നു.

Content Highlight: Girls are taught that marriage is an adjustment says Aishwarya Lakshmi

We use cookies to give you the best possible experience. Learn more