| Friday, 26th December 2014, 9:15 am

തന്നെ ബൊക്കോ ഹറാം തീവ്രവാദികള്‍ക്കു നല്‍കിയത് പിതാവെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൈജീരിയ: തന്നെ ബൊക്കോ ഹറാം തീവ്രവാദികള്‍ക്കു നല്‍കിയത് പിതാവെന്ന് 13 കാരിയുടെ വെളിപ്പെടുത്തല്‍. തീവ്രവാദികള്‍ പറഞ്ഞതനുസരിച്ചാണ് താന്‍ കനോ സിറ്റിയില്‍ മനുഷ്യബോംബായെത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

കനോസിറ്റിയില്‍ മനുഷ്യബോംബായെത്തിയ പെണ്‍കുട്ടി പോലീസ് പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പിതാവാണ് തന്നെ തീവ്രവാദികള്‍ക്കു കൈമാറിയതെന്നു വെളിപ്പെടുത്തിയത്.

തീവ്രവാദികള്‍ തന്നെയും മറ്റു രണ്ടു പെണ്‍കുട്ടികളെയും ടെക്‌സൈറ്റില്‍ മാര്‍ക്കറ്റില്‍ ആക്രമണം നടത്താനായി ചുമതലപ്പെടുത്തുകയായിരുന്നു. മറ്റു രണ്ടുപേരും പൊട്ടിത്തെറിച്ചതോടെ താന്‍ ഉദ്യമത്തില്‍ നിന്നും പിന്തിരിയുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

ബോംബാക്രമണത്തില്‍ കാലിനു പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലേക്ക് പോകും വഴി തന്റെ പക്കലുള്ള ബോംബ് ടാക്‌സിയുടെ സീറ്റിനുമേല്‍ വെയ്ക്കുകയായിരുന്നെ്‌ന് പോലീസ് സൂപ്രണ്ട് ആഡന്റെലി ഷിനാബ പറഞ്ഞു. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയും പോലീസ് പെണ്‍കുട്ടിയെ അറസ്റ്റു ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദികള്‍ തന്നോട് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്നു ചോദിച്ചെന്ന് പെണ്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതെ, എന്നു പറഞ്ഞപ്പോള്‍ മനുഷ്യബോംബാകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

“സ്വര്‍ഗത്തിലെത്താന്‍ ഞാന്‍ മരിയ്ക്കണമെന്നും അതിനാല്‍ മനുഷ്യബോംബായി പൊട്ടിത്തെറിക്കണമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കതു ചെയ്യാന്‍ പറ്റില്ലെന്ന്. അവര്‍ എന്ന വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.” അവള്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ അരയില്‍ കെട്ടിവെയ്ക്കാന്‍ അനുവദിച്ചത്. താന്‍ സ്‌ഫോടനം ഭയന്നതായും പെണ്‍കുട്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more