| Monday, 26th August 2013, 4:00 pm

അറബിക്കല്യാണം; വിവാഹം നടത്തിക്കൊടുത്തത് മുജാഹിദ് മടവൂര്‍ വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്: മലപ്പുറം മഞ്ചേരി സ്വദേശിനിയായ യുവതിയുടെ മകളെ സിയസ്‌കോ അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെ അറബിക്ക് വിവാഹം ചെയ്തുകൊടുത്തത് കേരള ജംഇയ്യത്തുല്‍ ഉലമ മുജാഹിദ് മടവൂര്‍ വിഭാഗമാണെന്ന് വ്യക്തമായി.

കേരള ജം ഇയ്യത്തുല്‍ ഉലമ മര്‍ക്കസ്സുദ്ദഅവയാണ് ഈ വിവാഹത്തിന് മേരേജ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിക്കുന്നത്. 90/2013 എന്ന നമ്പറിലാണ് ഈ വിവാഹം കേരള ജംഇയ്യത്തുല്‍ ഉലമ മര്‍ക്കസ്സുദ്ദഅവ എന്ന അഡ്രസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വരന്‍ അറബ് പൗരനാണെന്ന കാര്യം രേഖകളില്‍ മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്ന് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യക്തമാണ്. []

വരന്‍ അറബ് പൗരനാണെന്ന കാര്യം ഇന്നലെ മാധ്യമങ്ങളോട് യത്തീംഖാന അധികൃതര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇത്തരമൊരു വിവാഹത്തിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

വരന് ഇന്ത്യന്‍ പൗരത്വമില്ലാതെ തന്നെ ഇത്തരമൊരു വിവാഹം എങ്ങനെ നടന്നു എന്നതും വിചിത്രമാണ്.

വരന്‍ അറബ് പൗരനാണെന്നും നിയമവിരുദ്ധമായിട്ടാണ് വിവാഹം കഴിക്കുന്നതുമെന്നുള്ള വസ്തുത ജംഇയ്യത്തുല്‍ ഉലമയുടെ അറിവോട് കൂടിയാണോ എന്നാണ് ഇനി വ്യക്തമാകേണ്ടത്.

കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ഫോമിലും വരന്റെ മാതാവിന്റെ കോഴിക്കോടുള്ള വിലാസമാണ് നല്‍കിയിരിക്കുന്നത്.

വിവാഹ സര്‍ട്ടിഫിക്കറ്റില്‍ വരന്‍ അറബ് പൗരത്വം ഉള്ള ആളാണെന്ന് അനാഥാലയ അധികൃതര്‍ മറച്ചുവെച്ചെന്നതിന്റെ തെളിവ് ഇന്നാണ് പുറത്തായത്.

സീയസ്‌കോ യത്തീംഖാന അധികൃതര്‍ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിലാണ് വരന് നല്‍കിയിരിക്കുന്ന വിലാസം കോഴിക്കോട്ടുള്ളതാണെന്ന് വ്യക്തമാകുന്നത്.

യത്തീംഖാന അധികൃതര്‍ തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും വീട്ടുകാരുമായി സംസാരിക്കാനോ ബന്ധപ്പെടാനോ അനാഥാലയ അധികൃതര്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി ഇന്നലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത മലപ്പുറം ശിശുക്ഷേമസമിതി, അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാപോലീസ് മേധാവിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ശൈശവവിവാഹ നിരോധന നിയമപ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസ്.

ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട കുട്ടിയെ സാമ്പത്തിക പരാധീനതമൂലമാണ് മാതാവ് കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയില്‍ ചേര്‍ത്തത്. അനിയനേയും അനിയത്തിയേയും അടുത്തുള്ള മറ്റൊരു അനാഥാലയത്തിലുമാക്കി.

യത്തീംഖാനയില്‍ നിന്ന പഠിച്ച കുട്ടി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയവും നേടി. ഈ സമയത്താണ് യത്തീംഖാനയുടെ അധികൃതര്‍ വിവാഹ ആലോചനയുമായി എത്തിയത്.

ജാസിംമുഹമ്മദ് അബ്ദുള്‍ കരിം അബ്ദുല്ലാ അല്‍ അഹമ്മദ് എന്നായിരുന്നു യു.എ.ഇ.ക്കാരനായ അറബിയുടെ പേര്. ഫോട്ടോ കാണിച്ച് ഇയാളെ കല്യാണം കഴിക്കണമെന്നും യത്തീംഖാനയ്ക്ക് ഇതുമൂലം സാമ്പത്തിക മെച്ചമുണ്ടാകുമെന്നും പറഞ്ഞതായി പെണ്‍കുട്ടി പറയുന്നു.

എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ കടുത്ത എതിര്‍പ്പിനിടെ ജൂണ്‍ 13ന് യത്തീംഖാനയില്‍ വിവാഹം നടത്തി.

വിവാഹ ശേഷം വരന്റെ ബന്ധുക്കള്‍ നിരവധി തവണ തന്നെ വീട്ടില്‍ വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഇയാള്‍ രാമനാട്ടുകരയിലെ റിസോര്‍ട്ടിലും കുമരകം റിസോട്ടിലും കൊണ്ടുപോവുകയും തന്റെ സമ്മതം കൂടാതെ ലൈംഗികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

അറബിയുടെ ഉമ്മ കല്ലായിക്കടുത്ത് നായ്പ്പാലം സ്വദേശിനിയാണ്. ജൂണ്‍ 30ന് പെണ്‍കുട്ടിയെ നായ്പ്പാലത്തെ വീട്ടിലാക്കി അറബി ഗള്‍ഫിലേക്ക് മടങ്ങി.

വിവാഹം ചെയ്തയാള്‍ വിദേശത്തേക്കു മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവന്നു.

അറബി തിരിച്ചുവരുമ്പോള്‍ കൂടെപോകാമെന്ന് പറഞ്ഞാണ് തിരിച്ചുകൊണ്ടുവന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും സൗകര്യം ഒരുക്കുക മാത്രമേ തങ്ങള്‍ ചെയ്തുള്ളൂവെന്നുമാണ് യത്തീംഖാന അധികൃതര്‍ വിശദീകരിച്ചത്.

പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ ഉത്തരവാദിത്തം അവരുടെ കുടുംബത്തിനാണ്. വരന്റെ മാതാവ് കോഴിക്കോട്ടുകാരി ആയതിനാലാണ് വിവാഹം നടത്തിയതെന്നും സെക്രട്ടറി വിശദീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more