| Sunday, 20th September 2026, 6:52 am

അവരെ വെച്ച് പടം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ മര്യാദയ്ക്ക് പോയിരുന്നവരെ ഇവന്റെ സോണില്‍ കൊണ്ട് വന്ന് നശിപ്പിച്ചു എന്ന് പറയിപ്പിക്കരുത്: ഗിരീഷ് എ.ഡി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചയിലുള്ള സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗിരീഷ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോം എന്റര്‍ടെയിനറില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടെ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് ഗിരീഷിനൊപ്പം കൈകോര്‍ത്തപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന മറ്റൊരു ടോപ് ക്ലാസ് റോം-കോം ചിത്രമായിരുന്നു മലയാളത്തിന് ലഭിച്ചത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

കേരള ബോക്സ് ഓഫീസില്‍ നിന്ന് ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷിന്റെ ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകന്‍ ഒരുക്കിയത്. ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോള്‍ ബെത്ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ തന്റെ സോണിലേക്ക് അവരെ കൊണ്ടുവന്ന് പേരുദോഷം കേള്‍പ്പിക്കരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടി പടത്തിനും മോഹന്‍ലാല്‍ പടത്തിനും താത്പര്യമുണ്ട്. ഇതുവരെ ആരും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടില്ല. കൈയ്യില്‍ സാധനമുണ്ടെങ്കില്‍ നമുക്ക് എപ്പോള്‍ വേണമെങ്കില്‍ കോണ്‍ടാക്ട് ചെയ്യാനുള്ള സാഹചര്യമുണ്ട്. പക്ഷേ അങ്ങനെയൊരു സംഭവം എന്റെ മനസിലേക്ക് വരുന്നില്ല. ഒന്നാമത്തെ കാര്യം അതിനെ ഭയങ്കര ഒരു ഉത്തരവാദിത്തമായിട്ട് തന്നെയാണ് കാണുന്നത്.

ഗിരീഷ് എ.ഡി. Photo: Screen Grab/ Indian Express Malayalam/ Youtube.com

കാരണം ഞാന്‍ ഒരു സിനിമയും കൊണ്ടുവന്ന് ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, മര്യാദയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നയാളെ ഇവന്റെ സോണിലേക്ക് കൊണ്ടുവരാന്‍ നോക്കി ആകെ അലമ്പായി എന്നൊരു സംസാരം വന്ന് കഴിഞ്ഞാല്‍ നമുക്ക് അത് പ്രായസമായി പോകും. അതുകൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ അവരെ വെച്ച് ഒരു പ്രൊജക്ട് ചെയ്യുകയുള്ളൂ,’ ഗിരീഷ് പറഞ്ഞു.

Content Highlight: Girish AD talks about plans to projects with Mohanlal and Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more