പുതുതലമുറയുടെ ജീവിതം അവരുടെ ഭാഷയില്‍ സ്‌ക്രീനിലെത്തിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. പുതിയ മുഖങ്ങളെ അണിനിരത്തി സാധാരണക്കാരായ ചെറുപ്പക്കാരുടെ പ്രണയവും സൗഹൃദവും തമാശകളുമൊക്കെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിവിന്‍ പോളിയെ നായകനാക്കി, മമിത ബൈജുവിനൊപ്പം വലിയ താരനിരയുമായാണ് ഗിരീഷ് എ.ഡി. ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലൂടെ എത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ 90 കോടിയിലധികം കളക്ഷന്‍ നേടി ചിത്രം മികച്ച മുന്നേറ്റം തുടരുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗിരീഷ് എ.ഡി.
Photo: District
ഒരു സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത സിനിമയിലേക്ക് പെട്ടെന്ന് കടക്കാന്‍ തനിക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് ഗിരീഷ് എ.ഡി. പറയുന്നു. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം വന്ന അവസരങ്ങളെക്കുറിച്ചും അന്ന് വലിയ സിനിമ ചെയ്യാതിരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഒരു സിനിമ ചെയ്തുകഴിഞ്ഞാല്‍ പെട്ടെന്ന് മറ്റൊരു സിനിമ ചെയ്യാന്‍ എനിക്ക് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ കഴിഞ്ഞപ്പോള്‍ കുറെ അവസരങ്ങള്‍ വന്നിരുന്നു. ആ സമയത്ത് പെട്ടെന്ന് ഒരു വലിയ സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. ചെറിയ സിനിമകള്‍ തന്നെ ചെയ്യാമെന്നായിരുന്നു കരുതിയത്. പിന്നീട് കുറച്ചുകൂടി ബജറ്റുള്ള ഒരു സിനിമ ചെയ്യാം എന്ന രീതിയിലേക്ക് മാറുകയായിരുന്നു,’ ഗിരീഷ് എ.ഡി പറഞ്ഞു.
ഓരോ സിനിമ കഴിയുമ്പോഴും തന്റെ സിനിമകളുടെ ക്യാന്‍വാസ് കുറച്ചുകൂടി വലുതാക്കാനാണ് ശ്രമിക്കുന്നതെന്നും ഗിരീഷ് എ.ഡി. പറഞ്ഞു. ആദ്യ ചിത്രത്തില്‍ നിന്ന് ‘ബത്ലഹേം കുടുംബ യൂണിറ്റ്’ വരെയുള്ള യാത്രയിലും ഈ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
‘ഓരോ സിനിമ കഴിയുമ്പോഴും ഇംപ്രൂവ് ആയിക്കൊണ്ടിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എടുത്തത് ഒരു കോടിയില്‍ താഴെ ബജറ്റിലാണ്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആണെങ്കില്‍ 20 കോടിക്ക് മുകളിലുള്ള ബജറ്റിലാണ് ഒരുക്കിയത്. അങ്ങനെ പതുക്കെ ക്യാന്‍വാസ് വലുതാക്കിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ അഞ്ച് സിനിമകളായി. ഒരു ഷോര്‍ട്ട് ഫിലിം എടുക്കുന്ന സംവിധായകനില്‍ നിന്ന് ഒരു ഫീച്ചര്‍ ഫിലിം എടുക്കുന്ന നിലയിലേക്കൊക്കെ പതുക്കെ വളര്‍ന്നുവരികയാണ്,’ ഗിരീഷ് എ.ഡി പറഞ്ഞു.
Content Highlight: Girish Ad talks about his movie Thanneer Mathan Dianangal and his Film career