| Monday, 6th October 2025, 3:33 pm

പ്രേമലു കഴിഞ്ഞ് അന്യഭാഷയില്‍ ഓഫര്‍ വന്നു; എന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് സിനിമ ചെയ്യണമെന്നുണ്ട്: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു കഴിഞ്ഞതിന് ശേഷം മറ്റു ഭാഷകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നുവെന്ന് സംവിധായകന്‍ ഗിരീഷ് എ.ഡി. പ്രേമലു 2 കഴിഞ്ഞതിന് ശേഷം അന്യഭാഷകളിലേക്ക് കടക്കണമെന്നുണ്ടെന്നും
തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഗിരീഷ് എ.ഡി പറഞ്ഞു.

‘കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കൂട്ടുകാര്‍ക്കൊപ്പമിരിക്കാന്‍ ഇഷ്ടമാണ്. കുറച്ച് ഉള്‍വലിഞ്ഞ സ്വഭാവമാണെനിക്ക്. അത്തരം സ്വഭാവം ഉള്ള ആളുകളെ കേന്ദ്ര കഥാപാത്രങ്ങളായി സിനിമയില്‍ അവതരിപ്പിച്ചതും അതുകൊണ്ടാണ് എന്ന് വേണമെങ്കില്‍ പറയാം. എങ്കിലും ചിലപ്പോഴൊക്കെ ഒറ്റക്കിരിക്കാനാണ് ഇഷ്ടം. അത്തരം സമയങ്ങളും ജീവിതത്തില്‍ നമ്മള്‍ ആസ്വദിക്കേണ്ടതുണ്ട്,’ ഗിരീഷ് പറയുന്നു.

സിനിമ വളരെ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍, അത് തന്നില്‍ നിന്ന് ഒരുപാട് അകലത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2011 കാലഘട്ടത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നതെന്നും ഗിരീഷ് എ.ഡി പറഞ്ഞു.

അവിടെനിന്ന് കുറെ സിനിമാ പ്രാന്തന്‍മാരെ കണ്ടുമുട്ടിയെന്നും ആ കൂട്ടുകാരാണ് സിനിമയിലേക്കുള്ള വരവിന് പിന്നിലെന്നും ഗിരീഷ് എ.ഡി കൂട്ടിച്ചേര്‍ത്തു. പിന്നീട് തങ്ങള്‍ 2016-ല്‍ ഒരു ഷോര്‍ട്ട്ഫിലിം ചെയ്യാന്‍ തീരുമാനിച്ചുവെന്നും മൂക്കുത്തി അങ്ങനെ ഹിറ്റായി മാറിയെന്നും ഗിരീഷ് എ.ഡി പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ശരണ്യ, പ്രേമലു എന്നിങ്ങനെ വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ഗിരീഷ് എ.ഡി. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണ് അടുത്തതായി വരാന്‍ പോകുന്ന ചിത്രം. ഭാവനാ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

Content highlight: Girish AD says he  offer in a other Language After Premalu 

We use cookies to give you the best possible experience. Learn more