മലയാളത്തില്‍ ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചയിലുള്ള സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗിരീഷ് വര്‍ഷങ്ങള്‍ക്കിപ്പുറം ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ 200 കോടിയെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് ഗിരീഷിനൊപ്പം കൈകോര്‍ത്തപ്പോള്‍ മറ്റൊരു ടോപ് ക്ലാസ് റോം-കോം ചിത്രമായിരുന്നു മലയാളത്തിന് ലഭിച്ചത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Bhavana Studios
നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഓണത്തിന് ക്ലാഷ് റിലീസായെത്തിയ ഖലീഫയെയും യഷിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ടോക്‌സിക്കിനെയും ബഹുദൂരം പിന്നിലാക്കിയാണ് ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തതോടെ ഓണം വെക്കേഷന് ശേഷവും തിയേറ്ററുകള്‍ നിറയ്ക്കുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.
ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ തെലുങ്കിലേക്കും തമിഴിലേക്കും ചിത്രം ഡബ്ബ് ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരബാദില്‍ ബെത്‌ലഹേം ടീം പ്രൊമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഗിരീഷ് എ.ഡിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വേദിയിലേക്ക് സംസാരിക്കാനായി അവതാരക വിളിച്ചപ്പോള്‍ വെറും മൂന്ന് വാക്കുകള്‍ കൊണ്ട് ഗിരീഷ് സംസാരം അവസാനിപ്പിക്കുകയായിരുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District
നമസ്‌കാരം, ഗുഡ് ഈവനിങ്, താങ്ക് യൂ എന്ന് മാത്രമാണ് ഗിരീഷ് പറഞ്ഞത്. പെട്ടെന്ന് തന്നെ പോകാനൊരുങ്ങിയ സംവിധായകനോട് നിര്‍മാതാവായ ഫഹദിനെ കുറിച്ച് രണ്ട് വാക്ക് പറയാനായി പറഞ്ഞപ്പോള്‍ ഫഹദ് ഈസ് എ സൂപ്പര്‍ സ്റ്റാര്‍ എന്നും താന്‍ നെര്‍വസാണെന്നും മാത്രം പറഞ്ഞ് ഗിരീഷ് വേദി വിടുകയായിരുന്നു. ഇതോടെ തെലുങ്ക് സൂപ്പര്‍ താരം പ്രഭാസുമായാണ് പലരും ഗിരീഷിനെ താരതമ്യം ചെയ്യുന്നത്. അന്തര്‍മുഖനായ പ്രഭാസ് പൊതുവേദികളില്‍ പങ്കെടുക്കുമ്പോള്‍ മൈക്കിനടുത്ത് നിന്നും പരമാവധി അകലം പാലിക്കാനാണ് ശ്രമിക്കാറുള്ളത്. രണ്ട് വാക്കുകളില്‍ സംസാരം നിര്‍ത്തുന്ന താരത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Content Highlight: Girish AD’s video goes viral on social media during Hyderabad promotion