ബിഗ് ബജറ്റ് സിനിമയുടെ കാലമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍. മൂവായിരം കോടിയിലധികം ചെലവില്‍ നിര്‍മിക്കുന്ന നിതിഷ് തിവാരിയുടെ രാമായണയും രണ്ടായിരം കോടിയിലധികം ചെലവിട്ട് നിര്‍മിക്കുന്ന എസ്.എസ് രാജമൗലിയുടെ വാരണാസിയും അടക്കം വലിയ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്രയും മുതല്‍മുടക്കില്‍ ഒരുക്കിയാല്‍ ബജറ്റ് തിരിച്ചുപിടിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് ആകുമോ എന്ന ചോദ്യവും സിനിമാ മേഖലയില്‍ സജീവമാണ്. യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് വമ്പന്‍ ബജറ്റില്‍ തിയേറ്ററുകളിലെത്തിയ ടോക്‌സിക്കിന് 300 കോടി രൂപയുടെ നഷ്ടമായിരുന്നു നേരിടേണ്ടി വന്നത്. ഇത്തരത്തില്‍ വലിയ ബജറ്റിലെത്തി വന്‍ പരാജയമായ ചിത്രങ്ങളാണ് രാജ്യത്തെ വിവിധ ഇന്‍ഡസ്ട്രികളിലായി സമീപകാലത്ത് പുറത്തിറങ്ങിയത്.
ഗിരീഷ് എ.ഡി നിവിന്‍ പോളിയ്‌ക്കൊപ്പം. Photo: X.com
എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വ്യത്യസ്തമാണ് മലയാള സിനിമാ മേഖല. ചെറിയ ബജറ്റില്‍ മികച്ച ചിത്രങ്ങളെടുത്ത് വലിയ വിജയം സ്വന്തമാക്കുന്ന മലയാള ചിത്രങ്ങള്‍ ഒട്ടനവധിയായിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇത്തരത്തില്‍ മോളിവുഡിന് മറ്റൊരു വിജയം സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റാണ് തിയേറ്ററുകളില്‍ നിന്നും വലിയ വിജയം സ്വന്തമാക്കിയിരിക്കുന്നത്. 23 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഓഗസ്റ്റ് 21നായിരുന്നു തിയേറ്ററുകളിലെത്തിയത്. ഓണം അവധി കഴിഞ്ഞിട്ടും ഫാമിലി പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തതോടെയാണ് ബെത്‌ലഹേം 300 കോടിയെന്ന നേട്ടത്തിലെത്തിയിരിക്കുന്നത്.
ഇതോടെ മലയാളത്തില്‍ കുറഞ്ഞ ചെലവില്‍ ചിത്രമെടുത്ത് മാക്‌സിമം കളക്ഷന്‍ സ്വന്തമാക്കുന്ന സംവിധായകനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗിരീഷ് എ.ഡി. കരിയറില്‍ സംവിധായകന്‍ ചെയ്ത നാല് ചിത്രങ്ങളാണ് ഈ വിശേഷണത്തിന് അര്‍ഹമായിരിക്കുന്നത്. ഐ ആം കാതലന്‍ എന്ന ചിത്രമൊഴിച്ച് ഗിരീഷ് സംവിധാനം ചെയ്ത ചിത്രമെല്ലാം തന്നെ സമാനമായി നിര്‍മാതാവിന് വലിയ വിജയം നേടി നല്‍കിയിരുന്നു.
ഗിരീഷ് ആദ്യമായി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഒന്നരക്കോടി രൂപ ചെലവിലായിരുന്നു ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 39 കോടിയോളം നേടിയതോടെ ഗിരീഷ് എന്ന സംവിധായകന്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. പിന്നാലെ ചെറിയ താരനിരയില്‍ രണ്ടരക്കോടി രൂപ ചെലവിട്ട് ഒരുക്കിയ സൂപ്പര്‍ ശരണ്യ പത്ത് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. 2024ല്‍ ഭാവന സ്റ്റുഡിയോസും ഗിരീഷും കൈകോര്‍ത്ത പ്രേമലു 136 കോടിയായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. ഒമ്പത് കോടി മാത്രമായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കോസ്റ്റായി വന്നത് എന്ന കണക്കുകള്‍ കൂട്ടി വായിക്കുമ്പോഴാണ് ഗിരീഷിന് പ്രേക്ഷകനെയും സിനിമയെയും എത്രത്തോളം അറിയാം എന്ന കാര്യം മനസിലാക്കാന്‍ സാധിക്കുന്നത്.
Photo: X.com
ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിനൊപ്പം തന്നെ ചെയ്ത ഒരു റോം-കോം ഫാമിലി എന്റര്‍ടെയിനര്‍ ചിത്രം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം നിര്‍മിച്ചിരിക്കുകയാണ് ഗിരീഷ് എ.ഡി. കേരളത്തിന് പുറത്ത് നിന്നുമുള്ള പ്രൊഡക്ഷന്‍ ഹൗസുകളെ പോലും മലയാള സിനിമയ്ക്കായി മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ബെത്‌ലഹേമിന്റെ വിജയം.
Content Highlight: Girish Ad’s Bethlehem gets 300 crore collection with 23 crore budget