| Monday, 28th September 2026, 5:15 pm

മിടുക്കരല്ലാത്ത മനുഷ്യർക്കും ജീവിക്കണം, എന്റെ സിനിമകളിലെ നായകന്മാർ പൊതുവേ വലിയ ഹീറോയിസം കാണിക്കാത്തവരാണ്; ഗിരീഷ് എ.ഡി

അജ്മല്‍ കെ

കേരള ബോക്സ് ഓഫീസിൽ നിന്ന് 153 കോടിയിലധികം കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 326 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.

ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്,ഗിരീഷ്. Photo. IMDb. Screen Grab/ Youtube

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിലെ കഥാപാത്രങ്ങൾക്കായി വലിയ പ്രത്യേകതകൾ തേടാറില്ലെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. താൻ കണ്ടിട്ടുള്ള സാധാരണക്കാരായ മനുഷ്യരിൽ നിന്നാണ് പല കഥാപാത്രങ്ങളും രൂപപ്പെടുന്നതെന്നും അവരുടെ സംസാരവും ചേഷ്ടകളുമൊക്കെ സിനിമയിലേക്ക് കൊണ്ടുവരാറുണ്ടെന്നും ഗിരീഷ് പറഞ്ഞു.

‘പ്രത്യേകതകളൊന്നുമില്ലാത്ത മനുഷ്യരുടെ കഥ പറയാൻ രസമാണ്. ഞാൻ കണ്ടിട്ടുള്ള ഒട്ടേറെ മനുഷ്യർ എന്റെ കഥാപാത്രങ്ങളായിട്ടുണ്ട്. വാക്കിലൂടെയും ചേഷ്ടകളിലൂടെയുമെല്ലാം അവരെ സിനിമയിലേക്ക് കൂട്ടും,’ ഗിരീഷ് പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ആഷ്‌ലിയുടെ അച്ഛൻ പറയുന്ന ഒരു സംഭാഷണവും അത്തരത്തിൽ യഥാർഥ ജീവിതത്തിൽ നിന്ന് സിനിമയിലെത്തിയതാണെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

‘ഭാര്യ ഒറ്റമൂലി തന്നതുകൊണ്ട് കുടിക്കാൻ പറ്റില്ല. രക്തം ഊറ്റിക്കളഞ്ഞ് പുതിയ രക്തം കയറ്റിയാൽ ശരിയാകും’ എന്ന് ആഷ്‌ലിയുടെ അച്ഛൻ പറയുന്ന രംഗമുണ്ട്. ഞങ്ങളുടെ നാട്ടിലെ ഒരു ചേട്ടൻ പറഞ്ഞതാണ് ഇത്. എഴുതാനിരിക്കുമ്പോൾ ഇത്തരം രംഗങ്ങൾ ഓർമവരും. സന്ദർഭവുമായി ചേരുമെങ്കിൽ ഉൾപ്പെടുത്തും,’ ഗിരീഷ് വ്യക്തമാക്കി.

തന്റെ സിനിമകളിലെ നായകന്മാർ പൊതുവേ വലിയ ഹീറോയിസം കാണിക്കാത്തവരാണ്. അതിന് പിന്നിലുള്ള കാഴ്ചപ്പാടും അദ്ദേഹം വ്യക്തമാക്കി. ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജെയ്‌സണും ‘പ്രേമലു’വിലെ സച്ചിനും മിടുക്കരല്ലാത്ത സാധാരണ മനുഷ്യരായി തന്നെ ജീവിക്കണമെന്ന ചിന്തയിൽ നിന്ന് രൂപപ്പെട്ടതാണെന്നും ഗിരീഷ് പറഞ്ഞു.

‘വ്യക്തിജീവിതത്തിൽ ഞാനൊരു ഹീറോ അല്ല. മിടുക്കരല്ലാത്ത മനുഷ്യർക്കും ജീവിക്കണം എന്ന ചിന്തയിലാണ് തണ്ണീർമത്തനിലെ ജെയ്‌സൺ എന്ന കഥാപാത്രത്തെ എഴുതിയത്. പ്രേമലുവിലെ സച്ചിനും വ്യത്യസ്തനല്ല,’ ഗിരീഷ് പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിൻ കഥാപാത്രത്തിന് നിവിൻ പോളിയുടെ വേഷം ഗുണം ചെയ്തിട്ടുണ്ടെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

‘നിവിൻ ചേട്ടന്റെ ഓറ ജസ്റ്റിന് ഗുണം ചെയ്തിട്ടുണ്ട്. ജസ്റ്റിനെ കളിയാക്കാത്തവർ ചുരുക്കമാണ്. പക്ഷേ, പുള്ളി അതിലൊന്നും പരാതിയില്ലാതെ ഒപ്പം കൂടുകയാണ്,’ ഗിരീഷ് വ്യക്തമാക്കി.

Content Highlight: Girish A.D talks about “The heroes in my films don’t showcase heroism”

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more