ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ‘യവനകഥയിലെ ഇടയകന്യക’ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും സംഗീതാസ്വാദകർക്കിടയിലും വലിയ ചർച്ചയാണ്. സിനിമയിൽ നിവിൻ പോളിയുടെ ജസ്റ്റിനും മമിത ബൈജുവിന്റെ ആഷ്‌ലിയും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്ന രംഗത്തിലാണ് ഗാനം ഉപയോഗിച്ചിരിക്കുന്നത്.
റിലീസിന് പിന്നാലെ ഈ പാട്ടിനെക്കുറിച്ചുള്ള അന്വേഷണങ്ങളും വർധിച്ചിരുന്നു. ഇപ്പോഴിതാ, ഏറെ ശ്രദ്ധ നേടിയ ഗാനത്തെ ചിത്രത്തിലേക്ക് കൊണ്ടുവന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ഗിരീഷ് എ.ഡി .Photo: Screengrab/ Youtube.com
പഴയതും അധികം കേൾക്കപ്പെടാതെ പോയതുമായ ഔസേപ്പച്ചന്റെ ഗാനങ്ങൾ തേടിപ്പിടിച്ച് കേൾക്കുന്ന പതിവ് തനിക്കുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. അത്തരത്തിൽ കേൾക്കുന്നതിനിടയിലാണ് ‘യവനകഥയിലെ’ എന്ന പാട്ട് ശ്രദ്ധയിൽപ്പെടുന്നത്. സിനിമകൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതും എന്നാൽ അധികം ആളുകൾ കേട്ടിട്ടില്ലാത്തതുമായ നിരവധി ഗാനങ്ങൾ ഉണ്ടെന്നും, അവയിൽ ചിലത് കണ്ടെത്തി കേൾക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും ഗിരീഷ് പറഞ്ഞു.
‘കുറെ കാലം മുമ്പ് ഈ പാട്ട് എവിടുന്നോ ഡൗൺലോഡ് ചെയ്ത് ഞാൻ ഔസേപ്പച്ചൻ സാറിന്റെ കേൾക്കാത്ത പാട്ടുകൾ തിരഞ്ഞുപിടിച്ച് കേൾക്കാറുണ്ടായിരുന്നു. ഇറങ്ങാത്ത സിനിമകളിലെയും ഇറങ്ങിയ സിനിമകളിലെയും നമ്മൾ കേട്ടിട്ടില്ലാത്ത ഒരുപാട് പാട്ടുകളുണ്ടല്ലോ. അങ്ങനെ കേൾക്കുന്നതിനിടയിലാണ് ഈ പാട്ടും കിട്ടിയത്,’ ഗിരീഷ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ തന്റെ സുഹൃത്ത് സന്ദീപിനൊപ്പവും ഇത്തരം പഴയ ഗാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നുവെന്നും സംവിധായകൻ ഓർത്തെടുത്തു. ഔസേപ്പച്ചന്റെ വലിയ ആരാധകനായ സന്ദീപിനോട് താൻ കേട്ടിട്ടുള്ള ഗാനങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ ഇരുവരും പങ്കുവെച്ചിരുന്ന പാട്ടുകളിലൊന്നായിരുന്നു ‘യവനകഥയിലെ’ എന്നും ഗിരീഷ് വ്യക്തമാക്കി.
പാട്ട് കേൾക്കുമ്പോൾ തന്നെ അതിന് താൻ ഒരുക്കുന്ന സിനിമയുമായി ഒരു തരത്തിലുള്ള ബന്ധമുണ്ടെന്ന് തോന്നിയിരുന്നുവെന്നും ഗിരീഷ് പറയുന്നു. അതുകൊണ്ടുതന്നെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിൽ പാട്ട് ഉൾപെടുത്താൻ തീരുമാനിച്ചത്.
‘അത് എനിക്ക് കേൾക്കുമ്പോൾ തന്നെ ഈ പറഞ്ഞപോലെ എവിടെയോ എന്തോ ഈ പടവുമായി ഒരു കണക്ഷൻ ഉള്ളതുപോലെ തോന്നാറുണ്ടായിരുന്നു. അങ്ങനെ അത് പ്ലേസ് ചെയ്യുകയായിരുന്നു,’ ഗിരീഷ് പറഞ്ഞു.
ഇപ്പോൾ ചിത്രത്തിന്റെ റിലീസിന് പിന്നാലെ ‘യവനകഥയിലെ ഇടയകന്യക’ വീണ്ടും ശ്രദ്ധ നേടുകയാണ്. യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ഈ റൊമാന്റിക് ഡ്യൂവറ്റ് ‘അന്ന’ എന്ന ചിത്രത്തിലേതാണ്. ജോഷി സംവിധാനം ചെയ്ത് അരവിന്ദ് സ്വാമി നായകനായ ‘അന്ന’ തിയേറ്ററുകളിലെത്താതെ പോയെങ്കിലും ചിത്രത്തിനായി ഔസേപ്പച്ചൻ ഒരുക്കിയ ഗാനങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ടതിന് പിന്നാലെ നിരവധി പേരാണ് പാട്ട് തേടിപ്പിടിച്ച് കേൾക്കുന്നതും അതിന്റെ യൂട്യൂബ് കമന്റ് ബോക്സിൽ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ പങ്കുവെക്കുന്നതും. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഗാനം പുതിയൊരു തലമുറയിലേക്ക് വീണ്ടും എത്തുന്നതും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.
ഗിരീഷ് എ.ഡി.നിവിൻ പോളി. Photo: Screengrab/Youtube.com
നിവിൻ പോളിയും മമിത ബൈജുവും ഒരുമിച്ച ഗിരീഷ് എ.ഡി ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഓണം റിലീസായി എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വെറും ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനൊപ്പം അതിലെ ഗാനങ്ങളും പഴയ സംഗീതത്തെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ്.
Content Highlight: Girish A. D. talks about the popularity of the song ‘Yavana Kathayil Ninnu Vanna Idyakanyake’ from the film Anna