| Sunday, 30th August 2026, 6:35 am

കഥ ആദ്യം എഴുതിയപ്പോള്‍ നിവിന്റെ അനിയന്‍ റോളില്‍ നസ്‌ലെനായിരുന്നു, സൈഡ് റോള്‍ ചെയ്യാന്‍ വിളിക്കണ്ടെന്ന് പിന്നീട് തീരുമാനിച്ചു: ഗിരീഷ് എ.ഡി

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ ക്ലാഷിന് വന്ന സിനിമകളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം 150 കോടി ക്ലബ്ബില്‍ കയറാനൊരുങ്ങുകയാണ്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് കണക്കുകൂട്ടല്‍.

അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പള്ളിപ്പരിപാടികളും അല്ലറ ചില്ലറ എന്‍ജോയ്‌മെന്റുമായി നടക്കുന്ന ഒരുകൂട്ടമാളുകളുടെ കഥ എല്ലാവര്‍ക്കും ഒരുപോലെ റിലേറ്റാകുന്നുണ്ട്. നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിനും മമിതയുടെ ആഷ്‌ലിയും തമ്മിലുള്ള പ്രണയവുമാണ് സിനിമയുടെ കഥ.

ഗിരീഷ് എ.ഡിയുടെ ആദ്യ സിനിമ മുതല്‍ സ്ഥിരം സാന്നിധ്യമായ നസ്‌ലെന്‍ ഈ ചിത്രത്തില്‍ ഇല്ല. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ ഗിരീഷിന്റെ എല്ലാ സിനിമയിലും നസ്‌ലെനുമുണ്ടായിരുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ നസ്‌ലെന് റോളുണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് എ.ഡി. കഥയുടെ ആദ്യ രൂപം തയാറായപ്പോള്‍ നസ്‌ലെന്‍ തന്റെ മനസിലുണ്ടായിരുന്നെന്ന് ഗിരീഷ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിവിന്റെ അനിയന്‍ റോള്‍ നസ്‌ലെന്‍ ചെയ്യാനിരുന്നതല്ല. പക്ഷേ, കഥ ആദ്യം റെഡിയാക്കിയപ്പോള്‍ ആ റോളില്‍ ഞാന്‍ നസ്‌ലെനെ സങ്കല്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നായകനായി നില്‍ക്കുന്ന ഒരാളെ വിളിച്ചുകൊണ്ടുവന്ന് സൈഡ് റോള്‍ ചെയ്യിക്കണ്ട എന്ന് കരുതി. എന്നുവെച്ച് സംഗീത് മോശമാണെന്നല്ല. സംഗീതും ഇപ്പോള്‍ ഹീറോയാവാന്‍ പോവുകയാണ്,’ ഗിരീഷ് എ.ഡി പറയുന്നു.

പ്രേമലു 2 ഉപേക്ഷിച്ചതിനെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു. പ്രേമലു 2 ഉപേക്ഷിച്ചതിനെക്കുറിച്ച് എന്തായാലും പറയുമെന്ന് എന്നാല്‍ അത് ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാകില്ലെന്നും ഗിരീഷ് എ.ഡി പറയുന്നു. അത് ഉപേക്ഷിക്കാന്‍ ശക്തമായ കാരണമുണ്ടെന്നും അതിനുള്ള സമയം ആകുന്നതേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അത് വേറൊരു അവസരത്തില്‍ പറയാനുള്ള കാര്യമാണ്. ഇപ്പോള്‍ പ്രേമലു 2 ഉപേക്ഷിച്ചതിനെക്കുറിച്ച് സംസാരിച്ചാല്‍ സക്‌സസായതിന്റെ പിന്നാലെ ഒരാളുടെ പേര് വലിച്ചിഴച്ചെന്ന് വരും. അതിന്റെ കാര്യം പിന്നീടൊരിക്കല്‍ പറയാം. അത് പറയാന്‍ ഒരു എപ്പിസോഡ് തന്നെ വേണ്ടിവരും. എന്താണ് അതിന്റെ കാരണമെന്നൊക്കെ അന്ന് പറയാം. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല,’ ഗിരീഷ് എ.ഡി പറയുന്നു.

Content Highlight: Girish A D saying he planned a role for Naslen in Bethlehem Kudumba Unit

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more