| Tuesday, 15th September 2026, 7:55 am

സൂപ്പർ ശരണ്യയുടെ സെക്കൻഡ് പാർട്ട് വന്നാൽ എങ്ങനെ ഇരിക്കുമെന്ന ചിന്തയിൽ നിന്നാണ് ഇത് ഉണ്ടായത്; ഗിരീഷ് എ.ഡി

അജ്മല്‍ കെ

‘സൂപ്പർ ശരണ്യ’ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’. നസ്‌ലെൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയും മലയാളത്തിലെ ശ്രദ്ധേയമായ റൊമാന്റിക് കോമഡി ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

എന്നാൽ പ്രേമലുവിന്റെ തുടക്കം മറ്റൊരു സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചിന്തയിൽ നിന്നും ഉടലെടുത്തതാണെന്ന് പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ഗിരീഷ്. Photo. Screen Grab/ Youtube

‘പ്രേമലുവിൽ ആദ്യം ഉണ്ടാകുന്നത് റീനുവിന്റെ കഥാപാത്രമാണ്. ‘സൂപ്പർ ശരണ്യ’ സിനിമയുടെ സെക്കൻഡ് പാർട്ട് വന്നാൽ എങ്ങനെ ഇരിക്കും പറഞ്ഞിട്ട് ഞങ്ങൾ ചുമ്മാ ആലോചിച്ചതായിരുന്നു. ഞാനും കിരണും കൂടി ഇരിക്കുമ്പോൾ വെറുതെ, ‘ഇതിന് സെക്കൻഡ് പാർട്ട് വന്നാൽ എങ്ങനെ ഇരിക്കും’ എന്നൊക്കെ പറഞ്ഞ് ഒരു സ്പൂഫ് പോലെയാണ് ആദ്യം ആലോചിച്ചത്,’ ഗിരീഷ് പറഞ്ഞു.

ശരണ്യയുടെ കഥയ്ക്ക് പകരം ‘സൂപ്പർ ശരണ്യ’യിലെ മറ്റൊരു കഥാപാത്രമായ സോനയെ കേന്ദ്രീകരിച്ച് കഥ ആലോചിച്ചതോടെയാണ് ആശയത്തിൽ മാറ്റം വരുന്നത്. പ്രണയിക്കുന്നവരെ അകറ്റിനിർത്തുന്ന, സുഹൃത്തുക്കളോട് ഏറെ പ്രൊട്ടക്ടീവും ഡോമിനന്റുമായ ഒരു പെൺകുട്ടിക്ക് പ്രണയം വന്നാൽ എങ്ങനെയായിരിക്കും എന്നതായിരുന്നു ഞങ്ങളുടെ ചിന്തയെന്നും ഗിരീഷ് പറഞ്ഞു.

‘ഈ സോന എന്ന പുള്ളിക്കാരിക്ക് ഒരു പ്രേമം വന്നാൽ എങ്ങനെയിരിക്കും എന്നുള്ളതൊക്കെ നമ്മൾ ചിന്തിച്ചു. ഭയങ്കര ഇന്റൻസായിട്ടുള്ള ഒരു റൊമാന്റിക് റിലേഷൻഷിപ്പ് വന്നുകഴിഞ്ഞാൽ എന്തായിരിക്കും എന്നൊരു സാധനം വന്നു. എനിക്ക് അത് ഭയങ്കര ഇഷ്ടം തോന്നി. അങ്ങനെ അത് ചെയ്യാം എന്ന് വിചാരിച്ചു. പിന്നെ ശരണ്യയുടെ ക്യാരക്ടർ ഒഴിവാക്കി. കാരണം അവരെ സൈഡ് ക്യാരക്ടർ ആക്കാൻ പറ്റില്ലല്ലോ,’ ഗിരീഷ് പറഞ്ഞു.

പിന്നീട് സോന എന്ന കഥാപാത്രത്തെയും മാറ്റി പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മനസിൽ അപ്പോഴും മമിത ബൈജു തന്നെയായിരുന്നു എന്നും ഗിരീഷ് വ്യക്തമാക്കി.

ഇതിനിടെയാണ് കിരൺ നേരത്തെ പങ്കുവെച്ചിരുന്ന മറ്റൊരു ആശയം കൂടി ഇതിലേക്ക് ചേരുന്നത്. കിരൺ പറഞ്ഞിട്ടുണ്ടായിരുന്ന കുറച്ച് കാര്യങ്ങളും കൂടി പിന്നെ ഇതിലേക്ക് ചേർക്കുകയായിരുന്നു എന്നും ഗിരീഷ് പറഞ്ഞു.

സൂപ്പർ ശരണ്യ. Photo. Screen Grab/ Youtube

‘നാട്ടിൽ നിന്ന് രണ്ട് ആൺ പിള്ളേര് ചെന്നൈയിൽ പോകുന്നു. അവിടെ ഉണ്ടാവുന്ന അനുഭവങ്ങളൊക്കെയുള്ള ഒരു പരിപാടി. അപ്പോൾ ഈ സോനയെ നേരെ ഹൈദരാബാദിലേക്ക് വിട്ടുകഴിഞ്ഞാൽ, അവൾ അവിടെ ജോലിയായിട്ട് പോവുകയാണ്. ചെക്കന്മാർ എന്തോ പഠിക്കാൻ എന്ന രീതിയിൽ പോകുന്നു. ഇവരെ എങ്ങനെയെങ്കിലും കണ്ടുമുട്ടിച്ച് അതൊരു റോംകോം പോലെ ചെയ്താൽ എങ്ങനെയാണ് എന്ന ചിന്തയിൽ നിന്നാണ് പ്രേമലു തുടങ്ങുന്നത്,’ ഗിരീഷ് കൂട്ടിച്ചേർത്തു.

Content Highlight: Girish A.D. reveals that ‘Premalu’ originated from discussions about a second part of ‘Super Sharanya’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more